jana-maithree-police
മനോനില തെറ്റിയ രോഗിക്ക് മതിലകം ജനമൈത്രി പൊലീസ് എസ്.ഐ. വി.വി. വിമലിന്റെ നേതൃത്വത്തിൽ സഹായമൊരുക്കുന്നു.

കയ്പമംഗലം: കാലിൽ പഴുപ്പ് ബാധിച്ച് വിരലറ്റുപോയ മനോനില തെറ്റിയ രോഗിക്ക് മതിലകം ജനമൈത്രി പൊലീസിന്റെ നേതൃത്വത്തിൽ ചികിത്സയും സംരക്ഷണവുമൊരുക്കി. മതിലകം സി.കെ വളവ് പ്രദേശത്ത് കുറച്ച് ദിവസങ്ങളായി കാണപ്പെട്ടിരുന്ന മാനസികനില തകരാറിലായ യുവാവിനാണ് പൊലീസ് ചികിത്സ ഒരുക്കിയത്. മതിലകം പൊലീസിന്റെ പട്രോളിംഗിനിടെയാണ് റോഡരികിൽ മുഷിഞ്ഞ വസ്ത്രം ധരിച്ച ഇയാളെ കണ്ടത്. അടുത്ത് ചെന്നപ്പോഴാണ് വലതുകാലിലെ തള്ളവിരൽ നഷ്ടപ്പെട്ട് ബാക്കി ഭാഗം പഴുത്ത സ്ഥിതിയിൽ കാണുന്നത്. മനസിലാക്കാൻ കഴിയാത്ത ഭാഷയാണ് ഇയാൾ സംസാരിച്ചിരുന്നത്. ഭക്ഷണം വാങ്ങിച്ചുനൽകി കടത്തിണ്ണയിലേക്ക് മാറ്റിയ ശേഷം മറ്റുള്ളവരുടെ സഹകരണത്തോടെ മുടി മുറിച്ച്, കുളിപ്പിച്ച് മുറിവുകൾ ഉള്ള സ്ഥലങ്ങളിലെ പഴുപ്പ് നീക്കം ചെയ്തു.

വീഡിയോ കോൺഫറൻസിംഗിലൂടെ മജിസ്ട്രേറ്റിന് മുമ്പിൽ ഹാജരാക്കിയ ശേഷം വലപ്പാട് സി.പി ട്രസ്റ്റ് സൗജന്യമായി വിട്ടുനൽകിയ ആംബുലൻസിൽ ഇയാളെ തൃശൂർ മാനസിക ആരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. മതിലകം എസ്.ഐ. വി.വി. വിമൽ, ഹോം ഗാർഡ് പി.കെ. അൻസാരി, പൊലീസ് ജനമൈത്രി അംഗം ഷെമീർ എളേടത്ത്, കൂളിമുട്ടം എഫ്.എച്ച്.സി നഴ്‌സിംഗ് ഓഫീസർ ഷെറിൻ പി. ബഷീർ, ഹിലാൽ കുരിക്കൾ, ജാഫർ കടവിൽ, താളം റാഫി, നാസർ സാസ്, സി.എ. ഷെഫീഖ്, സിദ്ദീഖ് വടക്കൻ തുടങ്ങിയവർ നേതൃത്വം നൽകി.