positivity

തൃശൂർ : ഈ മാസം നാലാം തവണയും പ്രതിദിന കൊവിഡ് കണക്കിൽ ജില്ല റെക്കാഡിട്ടു. 7,289 പേർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ഈ മാസം രണ്ട് തവണ അയ്യായിരത്തിന് മുകളിലും വെള്ളിയാഴ്ച്ച ആറായിരത്തിന് മുകളിലും രോഗമെത്തി. രണ്ട് വർഷത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്.

10,444 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. 69 ശതമാനത്തിൽ കൂടുതലാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കൂടാതെ കൊവിഡ് ബാധിച്ച് വിവിധ ആശുപത്രികളിൽ നിലവിൽ ചികിത്സയിലുള്ള 962 പേരും വീട്ടു നിരീക്ഷണത്തിലുള്ള 24,197 പേരും ചേർന്ന് 32,448 പേരാണ് ആകെ രോഗബാധിതരായത്. 1,012 പേർ രോഗമുക്തരായി. കൊവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 6,18,852 ആണ്. 5,82,912 പേരാണ് ആകെ രോഗമുക്തരായത്. സമ്പർക്കം വഴി 7,236 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതുവരെ 47,97,209 ഡോസ് കൊവിഡ് 19 വാക്‌സിൻ വിതരണം ചെയ്തു. 21,91,796 പേർക്ക് രണ്ട് ഡോസ് വാക്‌സിൻ ലഭിച്ചു. ജില്ലയിൽ 60,349 പേർ കരുതൽ ഡോസ് വാക്‌സിൻ സ്വീകരിച്ചു.

കളക്ടറേറ്റിൽ ഡി.പി.എം.എസ് യൂണിറ്റ്


കൊവിഡ് പ്രതിരോധപ്രവർത്തനം ഊർജ്ജിതമാക്കുന്നതിന്റെ ഭാഗമായി കളക്ടറേറ്റിൽ ഡിസ്ട്രിക്ട് പ്രോഗ്രാം മാനേജ്‌മെന്റ് സപ്പോർട്ട് യൂണിറ്റ് (ഡി.പി.എം.എസ്.യു) ആരംഭിക്കുന്നു. കൊവിഡ് ആശുപത്രി, ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകൾ, ആംബുലൻസുകളുടെ ക്രമീകരണം തുടങ്ങിയവ ഏകോപിപ്പിക്കുന്നതിനായാണ് യൂണിറ്റ് രൂപീകരിക്കുന്നത്. ജില്ലാ മെഡിക്കൽ ഓഫീസർക്കാണ് യൂണിറ്റിന്റെ ചുമതല. ജില്ലാതല പ്രവർത്തനം ഏകോപിപ്പിക്കാൻ അസിസ്റ്റന്റ് കളക്ടർ സൂഫിയാൻ അഹമ്മദിനെ നോഡൽ ഓഫീസറായി ചുമതലപ്പെടുത്തിയതായി കളക്ടർ ഹരിത വി. കുമാർ അറിയിച്ചു..