തൃശൂർ: കൊച്ചിൻ ദേവസ്വം ബോർഡിന് കീഴിലുള്ള താണിക്കുടം ക്ഷേത്രത്തിൽ നിരന്തരമായി ക്ഷേത്രചാരം ലംഘിക്കുകയും അതിന് നേതൃത്വം നൽകുകയും ചെയ്യുന്നവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്ന് ഹിന്ദു ഐക്യവേദി താലൂക്ക് യോഗം. പുതുവത്സരദിനത്തിൽ ക്ഷേത്രത്തിനുള്ളിൽ നടന്ന കേക്കുമുറി സംഭവത്തിൽ ഇതുവരെയായിട്ടും കൊച്ചിൻ ദേവസ്വം ബോർഡ് നടപടി എടുത്തിട്ടില്ലെന്നും ഐക്യവേദി ആരോപിച്ചു.

കഴിഞ്ഞദിവസം താണിക്കുടം ക്ഷേത്രം സന്ദർശിച്ച ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി. ശശികല ഹിന്ദു ഐക്യവേദി മാടക്കത്തറ പഞ്ചായത്ത് കമ്മിറ്റി നടത്തുന്ന സമരങ്ങൾക്ക് പൂർണ പിന്തുണ പ്രഖ്യാപിച്ചു. യോഗത്തിൽ ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി പി. സുധാകരൻ, ജില്ലാ പ്രസിഡന്റ് ബാലൻ പണിക്കശേരി, ജില്ലാ ജനറൽ സെക്രട്ടറി പ്രസാദ് കാക്കശ്ശേരി, സെക്രട്ടറിമാരായ ഹരി മുള്ളൂർ, രാജൻ കുറ്റുമുക്ക്, താലൂക്ക് ജനറൽ സെക്രട്ടറിമാരായ പി.വി. അജയൻ, മണികണ്ഠൻ, സംഘടന സെക്രട്ടറി മണി വ്യാസപീഠം എന്നിവർ സംസാരിച്ചു.