nws
വയോധികന്റെ മൃതദേഹം ആംബുലൻസിൽ കയറ്റുന്നു


കുന്നംകുളം: ആക്ട്സ് ആംബുലൻസിൽ താലൂക്ക് ആശുപത്രിയിൽ കൊണ്ടുവന്ന കുഴഞ്ഞുവീണ വൃദ്ധന്റെ മരണം ഉറപ്പാക്കാൻ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർ പരിശോധന നടത്താതെ ആംബുലൻസ് ജീവനക്കാരോട് മോശമായി പെരുമാറിയതായി പ്രവർത്തകരുടെ പരാതി. ഞായറാഴ്ച വൈകിട്ട് അഞ്ചിനാണ് അടുപ്പുട്ടി റോഡ് പരിസരത്ത് അജ്ഞാതനായ അറുപതുകാരൻ കുഴഞ്ഞുവീണ് കിടക്കുന്നതായി കുന്നംകുളം പൊലീസിന് വിവരം ലഭിച്ചത്.

പൊലീസിന്റെ നിർദ്ദേശപ്രകാരമാണ് കുന്നംകുളം ആക്ട്സ് ആംബുലൻസ് പ്രവർത്തകർ വൃദ്ധനെ ഗവ. ആശുപത്രിയിൽ കൊണ്ടുവന്നത്. ആശുപത്രിയിൽ കൊണ്ടുവന്ന വൃദ്ധനെ പരിശോധിക്കാൻ ഡ്യൂട്ടി ഡോക്ടർ ആദ്യം വിസമ്മതിച്ചതായി ആംബുലൻസ് ജീവനക്കാർ പറഞ്ഞു. ഒരു മണിക്കൂർ സമയം കാത്തുനിന്ന ശേഷം ആംബുലൻസ് ജീവനക്കാർ വീണ്ടും ആവശ്യപ്പെട്ടപ്പോൾ വൃദ്ധനെ ആംബുലൻസിൽ നിന്നും ഇറക്കാതെ ഡോക്ടർ സ്രവ പരിശോധന മാത്രം നടത്തി മരിച്ചുവെന്ന് പറഞ്ഞ് മടങ്ങിപ്പോകുകയായിരുന്നത്രെ.

ഡ്യൂട്ടി ഡോക്ടർ ആംബുലൻസ് പ്രവർത്തകരോട് മോശമായി പെരുമാറിയ സംഭവത്തിൽ പൊലീസിൽ പരാതി നൽകി. ഈ ഡോക്ടറെക്കുറിച്ച് മുമ്പും നിരവധി പരാതികളുണ്ടന്ന് ആംബുലൻസ് ജീവനക്കാർ സൂചിപ്പിച്ചു. മൃതദ്ദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.