lock

തൃശൂർ: കൊവിഡ് നിയന്ത്രണനടപടികളുടെ ഭാഗമായുള്ള നിയന്ത്രണം ഇന്നലെയും സമ്പൂർണം. കഴിഞ്ഞ ഞായറാഴ്ചയേക്കാൾ അധികൃതർ നിയന്ത്രണം കൂടുതൽ കടുപ്പിച്ചതോടെ വിജനമായ നിരത്തായിരുന്നു പലയിടത്തും. പ്രോട്ടോകോൾ ലംഘനം കണ്ടെത്താൻ പൊലീസിന്റെ കർശന പരിശോധനയുണ്ടായി. സിറ്റി ട്രാഫിക് പൊലീസ് സംഘത്തിനും പരിശോധനാ ചുമതലയുണ്ടായിരുന്നു.

അവശ്യസർവീസുകൾക്കായി പ്രവർത്തിക്കുന്ന കടകളിലും വ്യാപാരസ്ഥാപനങ്ങളിലും കൊവിഡ് പെരുമാറ്റച്ചട്ടം പാലിക്കുന്നുണ്ടോയെന്ന് പൊലീസും സെക്ടറൽ മജിസ്‌ട്രേറ്റുമാരും പരിശോധിച്ചു. വീഴ്ച വരുത്തുന്ന കടകൾക്കെതിരെ നിയമനടപടി സ്വീകരിച്ചു.

ഞായറാഴ്ച അർദ്ധരാത്രി 12 മുതൽ ജില്ലയുടെ വിവിധ മേഖലകളിൽ റോഡിൽ ബാരിക്കേഡുകൾ പൊലീസ് നിരത്തി. പ്രധാന റൂട്ടുകൾ, ആശുപത്രികൾ, റെയിൽവേ സ്റ്റേഷൻ, വിമാനത്താവളം തുടങ്ങിയ സ്ഥലങ്ങളിലേക്ക് യാത്രക്കാരുടെ ആവശ്യാനുസരണം കെ.എസ്.ആർ.ടി.സി സർവീസ് നടത്തി.