
ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം ഭരണസമിതിയുടെ കാലാവധി കഴിഞ്ഞിട്ടും ഭരണസമിതി അംഗം തുടരുന്നത് ദേവസ്വം ചട്ടത്തിന് വിരുദ്ധമെന്ന് ആക്ഷേപം. രണ്ട് വർഷമാണ് ഗുരുവായൂർ ദേവസ്വം ഭരണസമിതിയുടെ കാലാവധി. സർക്കാരിലെ ഹിന്ദുമന്ത്രിമാരാണ് ദേവസ്വം ഭരണസമിതിയെ നോമിനേറ്റ് ചെയ്യുന്നത്.
ജീവനക്കാരുടെ പ്രതിനിധിയുൾപ്പെടെ ആറ് അംഗങ്ങളെയാണ് നോമിനേറ്റ് ചെയ്യുക. സർക്കാർ ഉത്തരവ് ഇറങ്ങുന്നത് മുതൽ രണ്ട് വർഷമാണ് കാലാവധി. നിലവിലുണ്ടായിരുന്ന ഭരണസമിതിയുടെ കാലാവധി ഈ മാസം 22 ന് അവസാനിച്ചു.
ഭരണസമിതി നിലവിൽ വന്ന് ഒരു വർഷത്തോളം കഴിഞ്ഞാണ് ഭരണമുന്നണിയുടെ പ്രതിനിധിയായി നോമിനേറ്റ് ചെയ്തത്. പാർട്ടിയിലെ തർക്കത്തെ തുടർന്നാണ് വൈകിയത്. രണ്ട് വർഷ കാലാവധിയിലേക്കാണ് തന്നെ സർക്കാർ നിയോഗിച്ചതെന്ന സാങ്കേതികത്വം പറഞ്ഞാണ് തുടരുന്നത്. സർക്കാർ നോമിനേറ്റ് ചെയ്യുന്ന അംഗങ്ങളുടെ കാലാവധി കഴിഞ്ഞാൽ ക്ഷേത്രം തന്ത്രി, ക്ഷേത്രം ഊരാളൻ, സാമൂതിരി രാജ എന്നിവരടങ്ങിയ ഭരണസമിതിയിലെ സ്ഥിരാംഗങ്ങളാണ് ഭരണം നടത്തുക.
സ്ഥിരാംഗങ്ങൾ മാത്രമുള്ള ഭരണസമിതിക്ക് ക്ഷേത്രത്തിലെ ദൈനംദിന കാര്യം നോക്കി നടത്താമെന്നല്ലാതെ നയപരമായ ഒരു തീരുമാനവും എടുക്കാനാവില്ല. കഴിഞ്ഞദിവസം ദേവസ്വം കമ്മിഷണർ ബിജു പ്രഭാകറിന്റെ അദ്ധ്യക്ഷതയിൽ ഓൺലൈനായി ചേർന്ന ഭരണസമിതി യോഗത്തിൽ ഈ അംഗം പങ്കെടുത്തിരുന്നു. ഇടക്കാലത്ത് ചുമതലയേൽക്കുന്ന അംഗങ്ങളാരും മുൻകാലങ്ങളിൽ സാങ്കേതികത്വം പറഞ്ഞു ഭരണസമിതിയിൽ തുടർന്നിട്ടില്ല. ഇതിനെതിരെ നിയമപരമായി നടപടി സ്വീകരിക്കാൻ ഒരുങ്ങുകയാണ് ഹൈന്ദവസംഘടനകൾ.