പാവറട്ടി: എളവള്ളി പഞ്ചായത്തിലെ പറയ്ക്കാട്, വാക പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന പ്രധാന റോഡായ വാക കുണ്ടുപാടം റോഡ് ടാറിംഗ് ജോലികൾ പൂർത്തീകരിച്ച് ജനങ്ങൾക്ക് തുറന്നുകൊടുത്തു. വാക മാലതി യു.പി സ്‌കൂൾ മുതൽ പറക്കാട് കലാദ്വീപം വായനശാല വരെ 1.3 കിലോ മീറ്റർ ദൂരമാണ് റോഡിനുള്ളത്. പഞ്ചായത്തിന്റെ റോഡ് മെയിന്റനൻസ് ഗ്രാന്റിൽ നിന്നും 15 ലക്ഷം രൂപ വകയിരുത്തിയാണ് റോഡ് ടാറിംഗ് നടത്തിയത്.
റോഡിന്റെ ഉദ്ഘാടനം എളവള്ളി പഞ്ചായത്ത് പ്രസിഡന്റ് ജിയോ ഫോക്‌സ് നിർവഹിച്ചു. വൈസ് പ്രസിഡന്റ് ബിന്ദു പ്രദീപ് അദ്ധ്യക്ഷയായി. ജനപ്രതിനിധികളായ ലീന ശ്രീകുമാർ, കെ.ഡി. വിഷ്ണു, എൻ.ബി. ജയ, ടി.സി. മോഹനൻ ഷാലി ചന്ദ്രശേഖരൻ, രാജി മണികണ്ഠൻ, എളവള്ളി ബാങ്ക് പ്രസിഡന്റ് സി.കെ. മോഹനൻ, മണലൂർ ഇക്കോ ടൂറിസം സൊസൈറ്റി പ്രസിഡന്റ് ശ്രീകുമാർ വാക എന്നിവർ പ്രസംഗിച്ചു.
റോഡ് ഇങ്ങനെ
കുണ്ടുപാടം പാടശേഖരത്തിൽ വർഷകാലത്തെത്തുന്ന വെള്ളം റോഡ് കടന്നാണ് അപ്പുറത്തേക്ക് ഒഴുകിയിരുന്നത്. അതിനാൽ റോഡിന്റെ പല ഭാഗങ്ങളും തകർന്നിരിക്കുകയായിരുന്നു. പലതവണ അറ്റകുറ്റപ്പണി ചെയ്തിരുന്നെങ്കിലും മുഴുവൻ ദൂരവും ടാറിംഗ് നടത്തിയത് യാത്രക്കാർക്ക് ഏറെ ആശ്വാസകരമാണ്. പഞ്ചായത്തിലെ 5, 6 വാർഡുകളെയാണ് റോഡ് ബന്ധിപ്പിച്ചിട്ടുള്ളത്.