
തൃശൂർ: ഹൈദരാബാദിൽ ആരംഭിക്കാനിരിക്കുന്ന പ്രൈം വോളിബാൾ ലീഗിലെ റഫറിമാരിൽ ഒരാൾ തൃശൂർ സ്വദേശി. പ്രൊഫഷണൽ വോളിബാൾ പരിശീലകനും ഒഫിഷ്യലുമായ കൈപ്പറമ്പ് പുത്തൂർ പാങ്ങിൽ പി.പി.ഹരിയാണ് കളി നിയന്ത്രിക്കുന്നവരിൽ ഒരാൾ. ഹരി ഉൾപ്പെടെ നാല് പേർ മാത്രമാണ് ഒഫീഷ്യലുകൾ. ദേശീയ സിറ്റിംഗ് വോളി ചാമ്പ്യൻഷിപ്പിൽ മത്സരിച്ച കേരള ടീമിന്റെ പരിശീലകനും നിരവധി ദേശീയ മത്സരങ്ങളുടെ റഫറിയായും മികവ് തെളിയിച്ചയാളാണ് ഹരി. ദേശീയ പൊലീസ് ഗെയിംസ്, സംസ്ഥാന സീനിയർ വോളിബാൾ ചാംപ്യൻഷിപ്പ് തുടങ്ങിയവയിൽ ഒഫീഷ്യലായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ജില്ലാ വോളിബാൾ ടീമിന്റെ സഹപരിശീലകനായിരുന്നു. കൊച്ചി ബ്ലൂ സ്പൈക്കേഴ്സ്, കാലിക്കറ്റ് ഹീറോസ് എന്നീ ടീമുകളാണ് കേരളത്തിൽ നിന്ന് പങ്കെടുക്കുന്നത്.
6,177 പേർക്ക് കൊവിഡ്
തൃശൂർ: 6,177 പേർക്ക് കൂടി കൊവിഡ്19 സ്ഥിരീകരിച്ചു. വിവിധ ആശുപത്രികളിൽ നിലവിൽ ചികിത്സയിലുള്ള 964 പേരും വീട്ടു നിരീക്ഷണത്തിലുള്ള 26,857 പേരും ചേർന്ന് 33,998 പേരാണ് ആകെ രോഗബാധിതരായത്. 4,538 പേർ രോഗമുക്തരായി. ഇതുവരെ കൊവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 6,25,029 ആണ്. 5,87,450 പേരാണ് ആകെ രോഗമുക്തരായത്. തിങ്കളാഴ്ച സമ്പർക്കം വഴി 6,139 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്നലെ റിപ്പോർട്ട് ചെയ്ത 07 ക്ലസ്റ്ററുകളും ചേർത്ത് നിലവിൽ 40 ക്ലസ്റ്ററുകളാണുള്ളത്. ഇതിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഹോസ്റ്റലുകൾ, ആരോഗ്യ സ്ഥാപനങ്ങൾ, പൊലീസ് സ്റ്റേഷൻ എന്നിവ ഉൾപ്പെടുന്നു. 13,493 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്.
കരിദിനം ആചരിച്ചു
തൃശൂർ: നരേന്ദ്രമോഡി വാഗ്ദാനം പാലിക്കണമെന്നാവശ്യപ്പെട്ട് കർഷകരും സി.പി.ഐ വർഗ്ഗ ബഹുജന സംഘടനകളും അഖിലേന്ത്യാതലത്തിൽ നടത്തിയ കരിദിനാചരണത്തിന്റെ ഭാഗമായി ജില്ലയിലും കരിദിനം ആചരിച്ചു. ഇന്ത്യയിലെ കർഷകർക്കെതിരായ ബില്ലുകൾ പിൻവലിച്ച് നരേന്ദ്രമോഡി കർഷകർക്ക് നൽകിയ വാഗ്ദാനം നടപ്പിലാക്കാത്തതിൽ പ്രതിഷേധിച്ചായിരുന്നു സമരം.
എ.ഐ.ടി.യു.സി ജനറൽ സെക്രട്ടറി കെ.പി രാജേന്ദ്രൻ സമരം ഉദ്ഘാടനം ചെയ്തു.
ബി.കെ.എം.യു മണ്ഡലം പ്രസിഡന്റ് പി.എസ് ബാബു, കിസാൻ സഭ സംസ്ഥാന കമ്മറ്റിയംഗം എം.ജി നാരായണൻ, മഹിളാസംഘം സംസ്ഥാന കമ്മറ്റിയംഗം സി.ആർ റോസിലി, എ.ഐ.ടി.യു.സി ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ പി.ശ്രീകുമാർ, എം.രാധാകൃഷ്ണൻ, ജെയിംസ് റാഫേൽ, കെ.ജെ റാഫി, കെ.എൻ രഘു തുടങ്ങിയവർ സംസാരിച്ചു. വിളകൾക്ക് ന്യായവില നിശ്ചയിക്കുന്നതിന് സമിതി രൂപീകരിക്കുക, സമരക്കാർക്ക് എതിരെയുള്ള അന്യായമായ കേസുകൾ പിൻവലിക്കുക, സമരവേദിയിൽ മരണപ്പെട്ട കർഷകർക്ക് മരണാനന്തര ധനസഹായം നൽകുക എന്നീ ആവശ്യമുന്നയിച്ചാണ് സമരം.