
മാള: പലരും അവഗണിച്ച മേഖലകളിലായിരുന്നു സി.ആർ തന്റെ പ്രവർത്തനം വ്യാപിപ്പിച്ചത്. കൃഷിയുടെ നാട്ടറിവും, നാടോടി കൈവേലകളും അദ്ദേഹം തന്റെ ശിഷ്യന്മാരിലേക്കും പകർന്നു. നാട്ടുവൈദ്യവും, നാട്ടുസംഗീതവും, കടലറിവും അങ്ങനെ നാടൻകലകളുമായി ബന്ധപ്പെട്ട എല്ലാ ഇടവഴികളിലൂടെയും സി.ആർ സഞ്ചരിച്ചു. ദളിതന്റെയും ആദിവാസികളുടേയും ആദിമസത്യങ്ങളിലേക്ക് നിസ്വാർത്ഥ മനുഷ്യനായ് അദ്ദേഹം സഞ്ചരിച്ചു. നാട്ടുസംഗീതത്തിലും, നാടൻ കൈവേലകളിലുമെല്ലാം സി.ആറിന്റെ കൈവിരൽപ്പാടുകൾ ആർക്കും മായ്ക്കാനാവാത്തതാണ്. നാട്ടുത്സവങ്ങളുടെ പിതാവ് കൂടിയായിരുന്നു അദ്ദേഹം. പല ഗ്രാമങ്ങളിലും സി.ആറിന്റെ നേതൃത്വത്തിൽ നാട്ടുത്സവങ്ങൾ സംഘടിപ്പിക്കപ്പെട്ടു. മാളയ്ക്കടുത്തുള്ള വടമ പറമ്പിൻകൂട്ടവും കരിന്തലക്കൂട്ടവും സംഘടിപ്പിച്ച വളവറ് ആരംഭിക്കുന്നത് സി.ആർ.രാജഗോപാലന്റ പ്രേരണ മൂലമായിരുന്നു. തുടർച്ചയായി പതിനാറ് വർഷം ഒമ്പതിലധികം വൈവിദ്ധ്യമാർന്ന നാടൻ കലകൾ വളവറിൽ അവതരിപ്പിക്കപ്പെട്ടു. തൃശൂർ നാട്ടറിവ് പഠനകേന്ദ്രത്തിന്റെ ഡയറക്ടറായ ഡോക്ടർ സി.ആർ.രാജഗോപാലൻ തൃശൂർ പി.ജി.സെന്ററിൽ മലയാളം അസോസിയേഷന്റെ ഉദ്ഘാടനത്തിനെത്തിയപ്പോഴാണ് കരിന്തലക്കൂട്ടം രമേഷിന്റെയും സുഹൃത്തുക്കളുടേയും നാടൻപാട്ട് കേൾക്കുന്നത്. സി.ആറാണ് കൂട്ടം എന്ന് ആ സംഘത്തിന് പേരിടുന്നത്. പിന്നീട് അത് കേരളം മുഴുവൻ അറിയപ്പെടുന്ന കരിന്തലക്കൂട്ടം എന്ന നാടൻപാട്ട് സംഘമായി. വയലി ആറങ്ങോട്ടുകര , തൈവ മക്കൾ തൃശൂർ എന്നീ നാടൻ പാട്ടുസംഘങ്ങളും സൃഷ്ടിക്കപ്പെട്ടത് സി.ആർ രാജഗോപാലന്റെ പ്രയത്‌നം മൂലമായിരുന്നു. കുഴൂർ, കുണ്ടൂർ, വടമ പ്രദേശങ്ങളിൽ നിന്നും നിരവധി നാടൻ പാട്ടുകളാണ് സി.ആറിന്റെ നേതൃത്വത്തിൽ കണ്ടെടുത്തത്.
സി.ആറിന്റെ മരണത്തോടെ നാട്ടറിവു പഠനങ്ങളുടെ നാഡീഞരമ്പാണ് മുറിഞ്ഞുപോകുന്നത്
രമേഷ്
കരിന്തലക്കൂട്ടം
നാട്ടറിവു പഠനത്തിന്റെ പര്യായപദമായിരുന്നു ഡോക്ടർ സി.ആർ.രാജഗോപാലന്റെ ജീവിതം. ഗോത്ര സംസ്കൃതികളിലൂടെ അത്ര സൂക്ഷ്മതയോടെ അദ്ദേഹം കടന്നുപോയി. തൃശൂർ നാട്ടറിവു പഠനകേന്ദ്രം ഡയറക്ടർ എന്ന നിലയിലും ഈ മേഖലയിലെ എണ്ണമറ്റ പഠനഗ്രന്ഥങ്ങളിലൂടെയും തന്റെ പ്രതിഭ മുഴുവൻ സമൂഹത്തിനു സമർപ്പിച്ച അദ്ദേഹം കേരളവർമ്മ കോളേജിൽ സഹപ്രവർത്തകനുമായിരുന്നു.
ഡോക്ടർ ആർ.ബിന്ദു 
മന്ത്രി