
ചേർപ്പ് : നാട്ടറിവുകൾക്കും കലാസാംസ്‌കാരിക പ്രവർത്തനങ്ങൾക്കും ചുക്കാൻ പിടിച്ച അതുല്യപ്രതിഭയായിരുന്നു അന്തരിച്ച ഡോക്ടർ സി.ആർ.രാജഗോപാൽ. ചേർപ്പ് പെരുമ്പിള്ളിശേരി പരേതരായ ചിറക്കൽ രാമപണിക്കരുടെയും നാരായണിയുടെയും മകനായ രാജഗോപാൽ ചേർപ്പിലെ സുഹൃത്ത് സൗഹൃദ വലയങ്ങളിൽ നിറഞ്ഞുനിന്നു. 75, 82 കാലഘട്ടങ്ങളിൽ പ്രവർത്തിച്ചിരുന്ന ചേർപ്പ് സർഗ ചിത്ര ഫിലിം സൊസെറ്റി പ്രാരംഭ പ്രവർത്തകൻ, ചേർപ്പിലെ പബ്ലിക് ലൈബ്രറി പ്രവർത്തകൻ, സ്റ്റഡി സർക്കിൾ പ്രവർത്തകൻ എന്നീ നിലകളിൽ അദ്ദേഹം തിളങ്ങി.
ആദ്യകാലത്ത് ആഴ്ചയിൽ ഒരു തവണ ചേർപ്പ് തായംകുളങ്ങര ആണ്ടവർ സിനിമ തിയേറ്ററിൽ ഭാഷാസിനിമകൾ സർഗ ചിത്ര ഫിലിം സൊസൈറ്റിയുടെ നേതൃത്വത്തിൽ പ്രദർശിപ്പിച്ചപ്പോൾ അതിന്റെ മുഖ്യസംഘാടകനായിരുന്നു രാജഗോപാലെന്ന് ഫിലിം സൊസൈറ്റി പ്രവർത്തകനായിരുന്ന ടി.എൻ.ബാലൻ ഓർമ്മിച്ചു. നെടുമുടി വേണു, ഭരത് ഗോപി തുടങ്ങിയവർ അന്ന് അതിഥി താരങ്ങളായിരുന്നു.
നാളുകൾക്ക് ശേഷം സംഘാടകർ പലരും ജോലി സംബന്ധമായി നാട്ടിൽ നിന്ന് മാറേണ്ടി വന്നതോടെ സൊസൈറ്റി പ്രവർത്തനങ്ങളും നിലച്ചു. കലകളെയും നാട്ടറിവ് ചിന്തകളെയും പ്രോത്സാഹിപ്പിക്കാനായി വിദ്യാർത്ഥികൾക്കായി പരിശീലന അവബോധ ക്ലാസുകളും നടത്തിയിരുന്നു.