jaguar

തൃശൂർ: കാട്ടുപന്നിയും മയിലും പാമ്പും കാട്ടാനകൾക്കും പിന്നാലെ മലയോരമേഖലകളിലെ കൃഷിയിടങ്ങളിൽ വ്യാപകമായി പുലികൾ ഇറങ്ങുന്നതിന്റെ കാരണങ്ങളിലൊന്ന് തെരുവുനായ്ക്കളാണെന്ന് പരിസ്ഥിതി ശാസ്ത്രജ്ഞരുടെയും മൃഗഡോക്ടർമാരുടെയും നിഗമനം. ആട്, പശുക്കുട്ടി തുടങ്ങിയ വളർത്തുമൃഗങ്ങളേക്കാൾ പുലികൾക്ക് ഏറെ പ്രിയം നായ്ക്കളെയാണ്. വളർത്തുനായ്ക്കളുള്ള വീടുകളിലേക്കും പുലി വരുന്നതായി നിരവധി റിപ്പോർട്ടുണ്ട്. കഴിഞ്ഞദിവസം കറുകുറ്റി മേഖലയിൽ രാത്രിസമയത്ത് പുലി വളർത്തുനായയെ ഓടിച്ചത് നാട്ടുകാരെ പരിഭ്രാന്തിയിലാക്കിയിരുന്നു.
ഏതാനും വർഷമായി പുലികൾ കൂടുതലായി കാടിറങ്ങിത്തുടങ്ങിയിട്ട്. മനുഷ്യർ പാർക്കുന്ന ഇടങ്ങളിൽ അവരറിയാതെ ഒളിച്ചുകഴിയാനുളള കഴിവ് പുലികൾക്കുണ്ടെന്ന് പറയുന്നു. മലയോരങ്ങളിലെ കുറ്റിക്കാടുകളാണ് പുലികളുടെ ആവാസകേന്ദ്രം. എണ്ണം കൂടിയതോടെ പുലികൾ ജനവാസകേന്ദ്രങ്ങളിലേക്ക് കൂടുതലായെത്തി തുടങ്ങി. മറ്റുശല്യമില്ലാത്തതും ഇരകൾ ധാരാളമുള്ളതുമായ പ്രദേശങ്ങളാണ് പുലികൾക്ക് പ്രിയം. അത്തരം സ്ഥലങ്ങളിലാണ് അവ പ്രസവിക്കുന്നതെന്നും പറയുന്നു. അതിരപ്പിളളി, മലക്കപ്പാറ, ചിമ്മിനി, പീച്ചി, വാഴാനി തുടങ്ങി പശ്ചിമഘട്ടത്തിന്റെ താഴ് വാരങ്ങളിലെല്ലാം പുലിശല്യം കൂടുന്നുണ്ടെന്നാണ് അധികൃതരുടെ നിഗമനം.
വനംവകുപ്പ് എല്ലാ ജില്ലകളിലുമായി 17 മൃഗഡോക്ടർമാരെ അടുത്തിടെ നിയമിച്ചതും വന്യമൃഗങ്ങളും മനുഷ്യരും തമ്മിലുള്ള സംഘർഷം കൂടി കണക്കിലെടുത്താണ്. കാടിറങ്ങുന്ന മൃഗങ്ങളെ പരിപാലിക്കാനും സംരക്ഷിക്കാനുമുള്ള കൂടും പരിചരണ സംവിധാനങ്ങളും ബന്ധപ്പെട്ട മേഖലകളിൽ ഉടൻ സജ്ജമാക്കും. പരിക്കുപറ്റുന്ന വന്യമൃഗങ്ങളെ പരിചരിച്ചശേഷം കാട്ടിൽ വിടാനാകും.

ശ്രദ്ധിക്കാം, കരുതലെടുക്കാം

വീടുകളിൽ വളർത്തുനായ്ക്കൾക്ക് പ്രത്യേക സുരക്ഷയൊരുക്കുക
രാത്രിയിൽ മതിയായ വെളിച്ചം വീടുകൾക്ക് ചുറ്റും ഉറപ്പാക്കുക
വീടുകൾക്ക് സമീപം കുറ്റിക്കാടുകൾ വെട്ടിക്കളഞ്ഞ് വൃത്തിയാക്കുക
റോഡുകളിൽ വഴിവിളക്കുകൾ കൃത്യമായി തെളിക്കുക
ജാഗ്രതാസമിതികൾ പ്രവർത്തന സജ്ജമാക്കുക

28 പിന്നിട്ട് പുലിക്കുട്ടി

പാലക്കാട് ഉമ്മിനിയിൽ ആൾത്താമസമില്ലാത്ത വീട്ടിനുള്ളിൽ നിന്ന് അകമലയിലെ ഫോറസ്റ്റ് വെറ്ററിനറി ക്ലിനിക്കിൽ പരിചരണത്തിലുളള പുലിക്കുട്ടിയ്ക്ക് പ്രായം 28 ദിവസം പിന്നിട്ടു. നവജാതശിശുവെന്ന തരത്തിലുള്ള പരിചരണകാലമാണ് 28 ദിവസം കൊടുത്തത്. കാട്ടിലേയ്ക്ക് തിരികെ വിടാനുള്ള തീരുമാനമായിട്ടില്ല. കടുപ്പമുള്ള ഭക്ഷണം കഴിക്കാനുള്ള പ്രായമായിട്ടില്ല. ഒരാഴ്ചയോളം പ്രായമുള്ള പുലിക്കുട്ടിയെ ക്ലിനിക്കിൽ കൊണ്ടുവരുമ്പോൾ അവശനിലയിലായിരുന്നു. പാൽ കുടിക്കാൻ മടി, വയറിളക്കം. ഡോക്ടറും അറ്റൻഡർമാരും 24 മണിക്കൂറും പരിപാലിച്ചാണ് ആരോഗ്യം വീണ്ടെടുത്തത്. വളർത്തുമൃഗങ്ങൾക്ക് നൽകുന്ന പാൽപ്പൊടി കലർത്തിയ പാലാണ് നൽകുന്നത്.

ഇരപിടിക്കാൻ എളുപ്പം

തെരുവുനായ്ക്കളുടെ സാന്നിദ്ധ്യം കൂടുന്നത് പുലികൾ കാടിറങ്ങുന്നതിന് കാരണങ്ങളിലൊന്നാണ്. കാട്ടിലെ മാനിനെ പിടിക്കുന്നതിനേക്കാൾ എളുപ്പമാണ് പുലികൾക്ക് നായ്ക്കളെ പിടിക്കുന്നത്. അധികം ഓടിച്ചിട്ട് പിടിക്കേണ്ട കാര്യമില്ല. നായ്ക്കളുടെ മാംസവും പുലികൾക്ക് പ്രിയമാകുന്നുണ്ടാകും.

ഡോ.പി.ഒ.നമീർ

ജൈവവൈവിദ്ധ്യ ഗവേഷകൻ.