തൃശൂർ: കൊവിഡ് മഹാമാരി മൂലം ഏറ്റവും ബുദ്ധിമുട്ടിലായ വിഭാഗമാണ് ക്ഷേത്ര വാദ്യകലാകാരന്മാരെന്ന് ക്ഷേത്രവാദ്യകലാ അക്കാഡമി യോഗം അഭിപ്രായപ്പെട്ടു. കലാകാരന്മാരെ സംബന്ധിച്ച് ജനുവരി മുതൽ ഏപ്രിൽ വരെയാണ് പിന്നീടുള്ള ഒരുവർഷക്കാലത്തേക്കുള്ള നീക്കിയിരിപ്പിനും കുടുംബം പുലർത്തുന്നതിനും സാമ്പത്തിക വരുമാനമുള്ള കാലഘട്ടം. ബസുകൾ, ബാറുകൾ, മാളുകൾ, ബീവറേജ് എന്നുവേണ്ട മറ്റു എല്ലാ പൊതുസ്ഥലങ്ങളും യാതൊരു മാനദണ്ഡങ്ങൾ ഇല്ലാതെ ജനങ്ങൾ തിക്കും തിരക്കും കൂട്ടി നടക്കുന്നുണ്ട്. എന്നാൽ ഉത്സവങ്ങളുടെ കാര്യമാകുമ്പോൾ വിലക്ക് ഏർപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. വീണ്ടും ഒരു വിലക്ക് നേരിടാനുള്ള ശേഷി കലാകാരന്മാർക്ക് ഇല്ല. ഉത്സവ കമ്മിറ്റികളെ പൊലീസ് കേസിന്റെ പേര് പറഞ്ഞ് പരിപാടി നടത്തുന്നതിൽ നിന്നും പിൻതിരിപ്പിക്കുകയാണ്. യോഗത്തിൽ അക്കാഡമി രക്ഷാധികാരി പെരുവനം കുട്ടൻമാരാർ, സംസ്ഥാന പ്രസിഡന്റ് അന്തിക്കാട് പത്മനാഭൻ, സംസ്ഥാന ട്രഷറർ കീഴൂട്ട് നന്ദനൻ, ജില്ലാ വർക്കിംഗ് പ്രസിഡന്റ് കിള്ളിമംഗലം പ്രിയേഷ്, ജില്ലാ സെക്രട്ടറി കല്ലേറ്റുംകര ഹരിശങ്കർ എന്നിവർ പങ്കെടുത്തു.