
തൃശൂർ: പൊലീസും എക്‌സൈസും തലങ്ങും വിലങ്ങും ലഹരിക്കടത്തുകാരെയും ഉപയോഗിക്കുന്നവരെയും പിടികൂടുന്നുണ്ടെങ്കിലും ന്യൂജൻ ലഹരിയുടെ നീരാളിപ്പിടുത്തത്തിലാണ് പുതുതലമുറ. ഗ്രാമ നഗര വ്യത്യാസമില്ലാതെ ജില്ലയിലേക്ക് നിരോധിത മയക്കുമരുന്നായ എം.ഡി.എം.എ അടക്കമാണ് ഒഴുകിയെത്തുന്നത്.
ഒരേ സമയം പണവും ലഹരിയും ലഭിക്കുന്നതിനാൽ മയക്കുമരുന്നിന്റെ ലഹരി അറിഞ്ഞ് പിന്നീട് കാരിയർമാരായി മാറുകയാണ് നിരവധി യുവാക്കൾ. പെൺകുട്ടികൾ വരെ കാരിയർമാരായുണ്ട്. ഡാൻസ് പാർട്ടികൾ, മറ്റ് ആഘോഷം എന്നിവയ്ക്കിടയിലെല്ലാം ആവശ്യക്കാരെ തേടി കാരിയർമാരുണ്ടാകും. ഇത്തരം സിന്തറ്റിക് ഡ്രഗുകൾക്ക് പുറമേ കഞ്ചാവിന്റെ ഉപയോഗവുമുണ്ട്.
ബൂസ്റ്റർ ഡോസ്
മയക്കുമരുന്നുകളിലെ 'ബൂസ്റ്റർ ഡോസ് ' എന്ന പേരിലാണ് എം.ഡി.എം.എ (മെഥലിൻ ഡയോക്‌സി മെത്താഫിറ്റമിൻ) അറിയപ്പെടുന്നത്. എക്‌സ്, മോളി, എക്സ്റ്റസി എന്നീ പേരുകളിലും അറിയപ്പെടുന്ന എം.ഡി.എം.എ നാട്ടിൻപുറങ്ങളിലും ലഭ്യമാണ്. കാപ്‌സ്യൂൾ, ക്രിസ്റ്റൽ, പൊടി രൂപങ്ങളിൽ കിട്ടും. ഗന്ധമോ മറ്റോ പ്രകടമാവാത്തതിനാൽ വാഹനമോടിക്കുമ്പോൾ പൊലീസ് പിടിച്ചാലും പരിശോധനയിൽ കുടുങ്ങില്ല. വീര്യം കൂടിയതിനും കുറഞ്ഞതിനും വിലയിലും ഏറ്റക്കുറച്ചിലുണ്ട്.
ആറ് മണിക്കൂർ വരെ ലഹരി
ചെറിയ അളവിൽ വലിയ ലഹരിയാണ് സിന്തറ്റിക് ഡ്രഗുകളുടെ പ്രത്യേകത. എം.ഡി.എം.എ ഉപയോഗിച്ചാൽ പോലും ആറ് മണിക്കൂർ വരെ ലഹരി ലഭിക്കും. ഒരു ഗ്രാമിന് 3000 മുതൽ 6000 രൂപ വരെയാണ് വില. ഇതുവാങ്ങാൻ പണത്തിനായി കുറ്റകൃത്യങ്ങളിലേക്ക് വീഴുന്നതായും പൊലീസ് പറയുന്നു.
മുഖ്യകണ്ണിയിലേക്ക് അന്വേഷണമെത്തില്ല
കോയമ്പത്തൂർ പാലക്കാട് വഴി ജില്ലയിലേക്ക് വൻതോതിലാണ് ലഹരി പദാർത്ഥങ്ങൾ ഒഴുകുന്നത്. കുറഞ്ഞ അളവിന് പോലും വൻ വില ലഭിക്കുന്നതിനാൽ കടത്താനും എളുപ്പം. സാധാരണ ഉപയോഗിക്കുന്ന ബാഗുകളിൽ മറ്റാർക്കും സംശയം തോന്നാത്ത വിധം പൊതികളാക്കി ഒളിപ്പിക്കും. നാട്ടിലെത്തിയാൽ ചില്ലറ വിൽപ്പനക്കാരിലേക്കെത്തിക്കാൻ കമ്മിഷൻ പറഞ്ഞുറപ്പിച്ച് യുവാക്കളെ നിയോഗിക്കും. പിടിയിലായാലും മുഖ്യകണ്ണികളിലേക്ക് അന്വേഷണമെത്തില്ല. മയക്കുമരുന്ന് നാട്ടിലെത്തിച്ചാൽ നിശ്ചയിച്ച കമ്മിഷൻ ലഭിക്കും. കേരളത്തിൽ നിന്നുള്ള ഇടനിലക്കാർ ബംഗളൂരുവിലെത്തി ആവശ്യമുള്ള മയക്കുമരുന്ന് സുരക്ഷിതമായി നാട്ടിലെത്തിക്കുന്നുമുണ്ട്. അന്തർസംസ്ഥാന വോൾവോ ബസുകൾ, സ്വകാര്യബസുകൾ, ലോറികൾ അടക്കം മയക്കുമരുന്ന് കടത്തിന് വിവിധ മാർഗങ്ങളാണുള്ളത്. കഴിഞ്ഞദിവസം കലാലയങ്ങളിൽ നിന്നും വിദ്യാർത്ഥികളെ അടക്കം വരെ പിടികൂടിയിരുന്നു.
138 ലഹരിക്കേസ്
ഈ വർഷം ഇതുവരെ 138 കേസുകളിലായി 124 പേരെ ലഹരിക്കേസിൽ എക്‌സൈസ് അറസ്റ്റ് ചെയ്തു. 97 അബ്കാരി കേസുകളും 41 മയക്കുമരുന്ന് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 540 ഗ്രാം എം.ഡി.എം.എ കഴിഞ്ഞ 31 ദിവസങ്ങളിലായി പിടിച്ചു. 198.800 ലിറ്റർ വിദേശമദ്യം, 1905 ലിറ്റർ വാഷ്, 69.200 ലിറ്റർ ചാരായം, 6.800 ലിറ്റർ വ്യാജമദ്യം, 5.150 കിലോ കഞ്ചാവ് എന്നിങ്ങനെ പോകുന്നു പിടികൂടിയ ലഹരി വസ്തുക്കൾ.