
തൃശൂർ: സർക്കാരിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് നടത്തുന്ന നൂറുദിന കർമ്മപരിപാടിയുടെ ഭാഗമായുള്ള പട്ടയമേളയുടെ സംസ്ഥാനതല ഉദ്ഘാടനം മേയ് 20ന് മുമ്പായി തൃശൂരിൽ നടക്കുമെന്ന് റവന്യൂ മന്ത്രി കെ.രാജൻ അറിയിച്ചു. ജില്ലയിൽ 5900ത്തോളം പട്ടയങ്ങൾ വിതരണം ചെയ്യും. പട്ടയമേളയുമായി ബന്ധപ്പെട്ട് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന റവന്യൂ ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
റവന്യൂ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ ജനകീയമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി എല്ലാ മാസവും മൂന്നാമത്തെ ശനിയാഴ്ച വില്ലേജ് തല ജാഗ്രതാസമിതികള്‍ ചേരുമെന്നും മന്ത്രി പറഞ്ഞു. എല്‍.എ പട്ടയം സംബന്ധിച്ച കേസുകളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്ന് അദ്ദേഹം ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. പട്ടയവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഒന്നര മാസത്തിനകം തീര്‍പ്പാക്കണം. റവന്യൂ മന്ത്രിയുടെ ഓഫീസില്‍ വരുന്ന കേസുകള്‍ കൈകാര്യം ചെയ്യാന്‍ ആര്‍.എം സെല്ലുകള്‍ രൂപീകരിക്കും. റവന്യൂ റിക്കവറിയുടെ ചുമതലയുള്ള ഡെപ്യൂട്ടി കളക്ടര്‍ക്കായിരിക്കും ഇതിന്റെ ചുമതല. കളക്ടര്‍ ഹരിത വി. കുമാര്‍, അസിസ്റ്റന്റ് കളക്ടര്‍ സൂഫിയാന്‍ അഹമ്മദ്, എ.ഡി.എം റെജി പി. ജോസഫ്, ഡെപ്യൂട്ടി കളക്ടര്‍(എല്‍.ആര്‍) ഉഷ ബിന്ദുമോള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.