nandu-raj

കയ്പമംഗലം: വർക്ക് ഷോപ്പിൽ നിന്നും ബൈക്ക് മോഷ്ടിച്ച കേസിൽ യുവാവ് അറസ്റ്റിൽ. ചളിങ്ങാട് പള്ളിനട സ്വദേശി മേനോത്ത്പറമ്പിൽ നന്ദുരാജിനെ(21 ) ആണ് കയ്പമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച രാവിലെ 11 മണിയോടെയാണ് ചളിങ്ങാട് പള്ളിനടയിലുള്ള സുമേഷിന്റെ വർക്ക് ഷോപ്പിൽ നിന്നും യമഹ ബൈക്ക് കളവ് പോയത്.

തളിക്കുളം സ്വദേശി വലിയകത്ത് യൂനസിന്റേതായിരുന്നു ബൈക്ക്. തുടർന്ന് ബൈക്ക് മോഷണം പോയ വിവരം പൊലീസിൽ അറിയിക്കുകയും സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. ഞായറാഴ്ച വൈകീട്ടോടെ നന്ദുരാജ് ബൈക്കുമായി പോകുന്നത് കണ്ട നാട്ടുകാർ തടഞ്ഞുവച്ച് പൊലീസിന് കൈമാറുകയായിരുന്നു.

നേരത്തെ കഞ്ചാവ് കേസിൽ പ്രതിയായിരുന്നു നന്ദുരാജ്. ബൈക്ക് മോഷണക്കേസിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കി. എസ്.ഐമാരായ പി.വി. പാട്രിക്, അബ്ദുൽ സത്താർ, സീനിയർ സി.പി.ഒമാരായ ഹബീബ്, വഹാബ്, രമേഷ്, വിപിൻ ദാസ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.