മാള: അന്നമനട പഞ്ചായത്തിലെ വെണ്ണൂർ തുറ പദ്ധതിക്ക് സംസ്ഥാന പ്ലാനിംഗ് ബോർഡിന്റെ രണ്ടു കോടി രൂപയുടെ അനുമതി. ചാലക്കുടിപ്പുഴയിൽ നിന്നാരംഭിച്ച് ചാലക്കുടിപ്പുഴയിൽ തന്നെ അവസാനിക്കുന്ന എക്കാട്ടി തോട് വൻതോട് പദ്ധതിയുടെ ഭാഗമായ ഉപതോടുകൾ അടക്കം പുനർജീവിപ്പിക്കുകയും കെട്ടി സംരക്ഷിക്കുകയും ചെയ്യുന്നതാണ് പദ്ധതി.
ജലരക്ഷ ജീവൻ രക്ഷ പദ്ധതി പ്രകാരം നേരത്തെ പദ്ധതിക്കായി 50 ലക്ഷം രൂപ അനുവദിച്ചിരുന്നു .പിന്നീട് ജില്ലാ പഞ്ചായത്തും ജില്ലാ പ്ലാനിംഗ് ഓഫീസും ഏറ്റെടുത്തു. ഇതൊരു ബൃഹത് പദ്ധതിയാക്കി മാറ്റിയിരുന്നു. ജില്ലാ പഞ്ചായത്ത് അമ്പത് ലക്ഷവും ചെറുകിട ജലസേചന വകുപ്പ് മൂന്ന് കോടി അനുവദിക്കുകയും ചെയ്തു. ഇതിനു പുറമെയാണ് സംസ്ഥാന പ്ലാനിംഗ് ബോർഡ് രണ്ടു കോടി രൂപ അനുവദിച്ചത്.
സംസ്ഥാനത്താകെ ഈ വർഷം പ്ലാനിംഗ് ബോർഡ് ആകെ ചെലവഴിച്ച ഒമ്പതു കോടി രൂപയിൽ രണ്ടു കോടി രൂപ വെണ്ണൂർ തുറ പദ്ധതിക്കാണ് അനുവദിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡേവിഡ് മാഷുടെയും ജില്ലാ പ്ലാനിംഗ് ബോർഡിന്റെയും സംയുക്ത ശ്രമഫലമായാണ് പദ്ധതിക്ക് അംഗീകാരം ലഭിച്ചത്.