 
വടക്കേക്കാട്: വടക്കേക്കാട് പഞ്ചായത്തിനെയും കാട്ടകാമ്പാൽ പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന കരിച്ചാൽക്കടവ് പാലത്തിന്റെ നിർമ്മാണം ഇഴയുന്നു. ഈ വർഷമെങ്കിലും പാലം പൂർത്തികരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഗുരുവായൂർ-കുന്നംകുളം നിയോജക മണ്ഡലങ്ങളിലെ വടക്കെക്കാട്, കാട്ടകാമ്പാൽ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാലമാണ് കരിച്ചാൽക്കടവ് ചെക്ക് ഡാം കം ബ്രിഡ്ജ്. പൊന്നാനി കോൾ കൃഷി മേഖലയിലെ ജല വിതരണ സംവിധാനത്തിന് ഏറെ പ്രയോജനപ്പെടുന്ന രീതിയിലാണ് പദ്ധതികൾ തയ്യാറാക്കിയിട്ടുള്ളത്. 9.5 കോടി രൂപയിൽ നൂറടി തോടിന് കുറുകെ 53 മീറ്റർ നീളത്തിൽ 5.5 മീറ്റർ വീതിയുള്ള പാലവും തടയണയും സംരക്ഷണ ഭിത്തികളും ഇരുഭാഗവും 110 മീറ്റർ നീളത്തിൽ അനുബന്ധ റോഡോടെ ആണ് നിർമ്മിക്കുന്നത്.
എ.സി.മൊയ്തീൻ വടക്കാഞ്ചേരി എം.എൽ.എ ആയിരിക്കുമ്പോഴാണ് പദ്ധതി ആവിഷ്‌കരിച്ചത്. അന്ന് വടക്കാഞ്ചേരി മണ്ഡലത്തിന് കീഴിലായിരുന്നു കാട്ടകാമ്പാൽ പഞ്ചായത്ത്. 2017 ലെ ബഡ്ജറ്റിലാണ് ഫണ്ട് അനുവദിച്ചെങ്കിലും 2018 ലാണ് സാങ്കേതിക പരിശോധന പൂർത്തിയായത്. തുടർന്ന് ഡിസംബറിൽ തന്നെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തു. 2020 മെയ് മാസത്തിൽ പൂർത്തിയാക്കണമെന്നായിരുന്നു കാലാവധി കരാർ. നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാകാത്തതിനെത്തുടർന്ന് പത്തുമാസം നീട്ടിക്കൊടുത്തു. എന്നിട്ടും പാലം പൂർത്തീകരണം സാദ്ധ്യമായില്ല. വർഷത്തിൽ മാർച്ച് മുതൽ മെയ് മാസം വരെയുള്ള സമയങ്ങളിൽ മാത്രമാണ് നൂറടി തോട്ടിൽ പണികൾ ചെയ്യാൻ സാധിക്കുക.