 
കൊടുങ്ങല്ലൂർ: ആനാപ്പുഴ പണ്ഡിറ്റ് കറുപ്പൻ വായനശാലയ്ക്ക് സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ പ്രഥമ ഗ്രേഡായ എ പ്ലസ്. ഒരു വർഷക്കാലത്തെ പ്രവർത്തനമികവ് കണക്കിലെടുത്താണ് ലൈബ്രറി കൗൺസിൽ വായനശാലകൾക്ക് ഗ്രേഡ് നൽകുന്നത്. കൊല്ലവർഷം 1084ൽ നവോത്ഥാനനായകൻ പണ്ഡിറ്റ് കറുപ്പൻ കൊടുങ്ങല്ലൂരിൽ സംസ്‌കൃതം പഠിക്കാൻ വന്ന കാലഘട്ടത്തിൽ ആലപ്പുഴയിൽ താമസിക്കുന്ന സമയത്ത് ഇവിടുത്തെ ചെറുപ്പക്കാരുമായി ചേർന്ന് രൂപീകരിച്ച ഒരു വായനക്കൂട്ടമാണ് പിൽക്കാലത്ത് വായനശാലയായി രൂപാന്തരപ്പെട്ടത്. 1938ൽ പണ്ഡിറ്റ് നിര്യാണത്തിനുശേഷം പണ്ഡിറ്റ് കറുപ്പൻ നാമധേയത്തിൽ പ്രവർത്തിച്ചുവരികയാണ്.
1084 വായനശാല രൂപീകരിക്കുമ്പോൾ പി.സി. ശങ്കരൻ ആശാൻ, പി.കെ. ഡീവർ, യു.യു. കൊച്ചമൻ മാസ്റ്റർ, സി.കെ. പരമേശ്വരൻ എന്നിവരായിരുന്നു ആദ്യകാല പ്രവർത്തകർ.
പുസ്തകങ്ങളും, 1100 അംഗങ്ങളും ആണ് വായനശാലയിലുള്ളത്. ഇപ്പോൾ വായനശാലയിൽ പുസ്തകങ്ങളുടെ കാറ്റലോഗ് ഓട്ടോമേഷൻ നടക്കുകയാണ്. പ്രിയകവി പി. ഭാസ്‌കരൻ, പ്രഭാഷകനും എഴുത്തുകാരനുമായ പ്രൊഫ. എം.എൻ. വിജയൻ, ബാലറ്റിലൂടെ ആദ്യമായി തിരഞ്ഞെടുക്കപ്പെട്ട കമ്മ്യൂണിസ്റ്റ് ആചാര്യനായ ഈ ഗോപാലകൃഷ്ണ മേനോൻ, ചരിത്രകാരനും മുൻ നിയമസഭാ ഡെപ്യൂട്ടി സ്പീക്കറുമായ പി.കെ. ഗോപാലകൃഷ്ണൻ, നൃത്ത കലയിലൂടെ കേരളത്തിന്റെ ഖ്യാതി ലോകത്തിന്റെ നെറുകയിൽ എത്തിച്ച ഗുരു ഗോപാലകൃഷ്ണൻ, വരാപ്പുഴ ആർച്ച് ബിഷപ്പായിരുന്ന ഡോ. ഫ്രാൻസിസ് കല്ലറയ്ക്കൽ, ധനമന്ത്രിയായിരുന്ന ഡോ. തോമസ് ഐസക്, മന്ത്രിയായിരുന്ന എസ്. ശർമ, തിരക്കഥാകൃത്തും സംവിധായകനുമായ കെ.ആർ. സച്ചിദാനന്ദൻ തുടങ്ങിയവർ പണ്ഡിറ്റ് കറുപ്പൻ വായനശാല അംഗങ്ങളാണ്.