കൊടുങ്ങല്ലൂർ: തീരദേശത്ത് മോഷ്ടാക്കൾ വിഹരിക്കുന്നുവെന്ന് പരാതി. മോഷണവും മോഷണശ്രമവും നടക്കാത്ത ദിവസങ്ങൾ തന്നെ വിരളം. കൊടുങ്ങല്ലൂർ മേഖലയിൽ മോഷ്ടാക്കൾ തമ്പടിച്ചിട്ടുണ്ടെന്നാണ് വിവരം. നിരന്തരം ഉണ്ടാകുന്ന കവർച്ചകളും മറ്റും സൂചിപ്പിക്കുന്നത് മേഖല മോഷ്ടാക്കളുടെ വിഹാര കേന്ദ്രമായെന്നാണ്.

ഇതിനിടെ നടന്ന മോഷണങ്ങൾക്കും മോഷണശ്രമങ്ങൾക്കും ഏറെ സമാനതയുണ്ടെന്ന് പൊലീസും പറയുന്നു. അടച്ചിട്ട വീടുകളാണ് മോഷ്ടാക്കൾ മുഖ്യമായും ലക്ഷ്യമിടുന്നത്. ക്ഷേത്രങ്ങളും ആരാധനാലയങ്ങളും മോഷ്ടാക്കളുടെ ലക്ഷ്യമാകുന്നുണ്ട്.

വാതിലുകളുടെ പുട്ടുകൾ പൊളിച്ചാണ് മിക്കയിടത്തും കവർച്ച നടന്നിരിക്കുന്നത്. സി.സി.ടി.വിയിൽ പെടാതിരിക്കാൻ കള്ളൻമാർ പരമാവധി ശ്രദ്ധിക്കുന്നുണ്ട്. പലയിടങ്ങളിലും സി.സി.ടി.വി കേട് വരുത്തുകയാ മറയ്ക്കുകയോ ചെയ്താണ് കവർച്ച നടത്തിയിരിക്കുന്നത്. ചില സ്ഥലങ്ങളിൽ നിന്ന് ഹാർഡ് ഡിസ്‌ക് തന്നെ കടത്തിയിട്ടുണ്ട്.

കവർച്ച നടന്നതിൽ മിക്കതും പ്രവാസികളുടെ വീടുകളിലാണ്. അടച്ചിട്ട വീടുകൾ പകൽസമയം നിരീക്ഷിച്ചാണ് രാത്രി മോഷ്ടാക്കൾ ഇറങ്ങുന്നതെന്നാണ് സൂചന. തുടർച്ചയായ മോഷണങ്ങൾക്കെതിരെ പൊലീസിന് കാര്യമായൊന്നും ചെയ്യാനാകുന്നില്ല. പൊലീസും, വിരലടയാള വിദഗ്ദ്ധരും, സയന്റിഫിക് ടീമും, പൊലീസ് നായയുമെല്ലാം എത്തി പരിശോധനയും, തെളിവ് ശേഖരണവും നടത്തുന്നതല്ലാതെ അന്വേഷണം മുന്നോട്ടുപോകുന്നില്ലെന്ന ആക്ഷേപം ഉയർന്നിട്ടിട്ടുണ്ട്.

വിരലടയാളം പോലും അവശേഷിപ്പിക്കാതെ പ്രൊഫഷണൽ രീതിയിലാണ് ഭൂരിഭാഗം കവർച്ചകളും നടക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ സമാനരീതിയിൽ കവർച്ച നടന്ന പി. വെമ്പല്ലൂരിലെയും പത്തായക്കാട്ടിലെയും വീടുകളിൽ നിന്ന് മോഷ്ടാക്കളുടെ വിരലടയാളം പോലും കിട്ടിയിട്ടില്ല. കൊടുങ്ങല്ലൂർ പൊലീസ് സബ് ഡിവിഷന്റെ കീഴിൽ വരുന്ന സ്റ്റേഷൻ പരിധികളിലാണ് മോഷ്ടാക്കൾ വിഹരിക്കുന്നത്. കൊടുങ്ങല്ലൂർ, മതിലകം, കയ്പമംഗലം സ്റ്റേഷൻ അതിർത്തിയിൽ നിരന്തരം മോഷണം നടക്കുന്നത് ജനങ്ങളിൽ ആശങ്കയുണ്ടാക്കിയിട്ടുണ്ട്.