കുന്നംകുളം: കെ.എസ്.ഇ.ബിയുടെ പേരിൽ വ്യാജ സന്ദേശങ്ങൾ അയച്ച് ഉപഭോക്താക്കളുടെ പണം തട്ടിയെടുക്കുന്ന സംഘം പ്രവർത്തിക്കുന്നതായി കണ്ടെത്തി. ചെന്നൈ കേന്ദ്രീകരിച്ചുള്ള സംഘമാണ് കെ.എസ്.ഇ.ബിയുടെ പേരിൽ ഉപഭോക്താക്കൾക്ക് വ്യാജ സന്ദേശങ്ങൾ അയച്ച് അക്കൗണ്ട് നമ്പറും മറ്റ് വിശദാംശങ്ങളും ചോദിച്ചറിഞ്ഞ് പണം തട്ടിയെടുക്കുന്നത്.
കഴിഞ്ഞദിവസം കേച്ചേരി മഴുവഞ്ചേരിയിൽ ഓൺലൈൻ വഴി വൈദ്യുതി ബില്ലടച്ച ഉപഭോക്താവിന്റെ പണമടച്ച നമ്പറിലേക്കാണ് സന്ദേശം വന്നത്. ഇംഗ്ലീഷിൽ ടൈപ്പ് ചെയ്ത സന്ദേശത്തിൽ വൈദ്യുതി ബിൽ അടക്കാത്ത സാഹചര്യത്തിൽ രാത്രി 9.30 ന് വൈദ്യുതി ബന്ധം വിച്ഛേദിക്കുമെന്നാണ് സന്ദേശം. 7439213270 എന്ന നമ്പറിൽ നിന്നാണ് സന്ദേശം വന്നത്. ഈ ഫോൺ നമ്പറിലേക്ക് മറ്റൊരു ഫോണിൽ നിന്ന് ഉപഭോക്താവ് തിരിച്ച് വിളിച്ചെങ്കിലും ഫോണെടുക്കാൻ തയ്യാറായില്ല. പിന്നീട് കേച്ചേരിയിലെ കെ.എസ്.ഇ.ബി ഓഫീസിലേയ്ക്ക് വിളിച്ചപ്പോഴാണ് അത് വ്യാജ സന്ദേശമാണന്ന് തിരിച്ചറിഞ്ഞത്. ഉപഭോക്താവ് ഡിസംബർ മാസത്തിൽ വൈദ്യുതി ബില്ല് അടച്ചിരുന്നു. ബില്ല് ഓൺലൈനായി അടയ്ക്കാൻ ഉപയോഗിച്ച മൊബൈൽ നമ്പറിലേക്കാണ് വ്യാജ സന്ദേശം വന്നിട്ടുള്ളത്. ഇന്നലെ ഉച്ചയ്ക്ക് 12 ന് ഈ നമ്പറിൽ നിന്നും വീണ്ടും കഴിഞ്ഞ ദിവസം ഉപഭോക്താവ് വിളിച്ച നമ്പറിലേക്ക് ഫോൺ കോൾ വന്നപ്പോഴാണ് തട്ടിപ്പുകാരനെ തിരിച്ചറിഞ്ഞത്. ഇലക്ട്രിസിറ്റി ഓഫീസിൽ നിന്ന് സഹായത്തിനായാണ് വിളിക്കുന്നതെന്നും എന്ത് സഹായമാണ് നൽകേണ്ടതെന്നും ചോദിച്ച് ഇംഗ്ലീഷിലായിരുന്നു സംഭാഷണം. മറുപടി മലയാളത്തിൽ പറഞ്ഞതോടെ തട്ടിപ്പുകാരൻ പരിഭ്രാന്തിയിലായി. ഇംഗ്ലീഷിൽ സംസാരിക്കാൻ ആവശ്യപ്പെട്ടെങ്കിലും മലയാളത്തിലെ സംസാരിക്കൂ എന്ന് മറുപടി പറഞ്ഞതോടെ ഫോൺ കോൾ വിച്ഛേദിച്ചു. ഈ വിഷയം വൈദ്യുതി വകുപ്പ് അധികൃതരുമായി സംസാരിച്ചപ്പോൾ ഇത്തരത്തിലുള്ള തട്ടിപ്പുകൾ വ്യാപകമാണെന്നും മൊബൈൽ നമ്പറും അക്കൗണ്ട് നമ്പറും ആധാർ നമ്പറും എല്ലാം ചോദിച്ച് പണം തട്ടിയെടുക്കുന്ന സംഘമാണ് ഇതിനു പിന്നിലുള്ളതെന്നും വൈദ്യുതി വകുപ്പ് അധികൃതർ പറഞ്ഞു. അതേസമയം ഓൺലൈൻ വഴി വൈദ്യുതിബിൽ അടയ്ക്കുന്ന വ്യക്തിയുടെ മൊബൈൽ ഫോൺ നമ്പർ എങ്ങനെയാണ് തട്ടിപ്പുകാരന്റെ കൈവശം എത്തിച്ചേരുന്നത് എന്നത് ദുരൂഹമാണ്.