കാടുകുറ്റി: കക്കാട് പാടശേഖരത്തിലെ നെൽക്കർഷകർക്ക് ഇത്തവണ വെൺകതിർ വില്ലനായി. കൊയ്ത്ത് കഴിഞ്ഞതോടെയാണ് വെൺകതിരിന്റെ അതീവ സാന്നിധ്യം അറിഞ്ഞത്. നെൽമണികളില്ലാതെയുള്ള വെൺകതിരുകൾ കൃഷിയിടത്തിൽ നിറയുന്നതാണ് ദുരിതം. പത്ത് ശതമാനത്തിലധികം വെൺകതിരുകളുണ്ടെന്നാണ് കർഷകർ ചൂണ്ടിക്കാട്ടുന്നത്. പരിക്കപ്പാടം പാടശേഖരത്തിന്റെയും കുറ്റിക്കാട് പാടശേഖരത്തിന്റേയും നേതൃത്വത്തിലാണ് കഷിയിറക്കൽ. 50 ഏക്കർ സ്ഥലം ഇതിനായി വിനിയോഗിച്ചു. വെള്ള പൊൻമണി വിത്തിൽ നടന്ന കൃഷിയുടെ കൊയത്ത് കഴിഞ്ഞെങ്കിലും നെല്ല് സംഭരിക്കാത്തതും കർഷകരിൽ ആശങ്കയുയർത്തുന്നു. പല കർഷകരും പാടശേഖരത്തിൽ തന്നെയാണ് നെല്ല് സൂക്ഷിക്കുന്നത്. ഒരാഴ്ച മുമ്പായിരുന്നു യന്ത്രം ഉപയോഗിച്ചുള്ള കൊയ്ത്ത്. വെൺകതിർ വില്ലനാകുമ്പോഴും വൈക്കോലിന് വില ലഭിക്കുന്നത് കർഷകർക്ക് നേരിയ ആശ്വാസമാണ്.