
കല്ലമ്പലം: അസൗകര്യങ്ങളുടെ നടുവിൽ പ്രവർത്തിക്കുന്ന പള്ളിക്കൽ വി.ഇ ഓഫീസ് ജീവനക്കാർക്കും പൊതുജനങ്ങൾക്കും ഒരുപോലെ ദുരിതം സമ്മാനിക്കുന്നു. കഷ്ടിച്ച് ഒരു ഉദ്യോഗസ്ഥന് ഇരിക്കാൻ മാത്രം പാകത്തിലാണ് ഈ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസിന്റെ പ്രവർത്തനം. പഞ്ചായത്തിന് സമീപമുള്ള കെട്ടിടത്തിന്റെ വശത്തുള്ള ഒറ്റ മുറിയിലാണ് വി.ഇ ഓഫീസ്. രേഖകൾ സൂക്ഷിക്കാനുള്ള ഇടം കഴിഞ്ഞാൽ കഷ്ടിച്ച് ഒരാൾക്ക് ഇരിക്കാം. വിവിധ ആവശ്യങ്ങൾക്കായി എത്തുന്നവർ പൊരി വെയിലിൽ പുറത്ത് കാത്തുനിൽക്കേണ്ട അവസ്ഥയാണ്.
തൊട്ടടുത്ത് പള്ളിക്കൽ ഓഫീസ് കോംപ്ലക്സിൽ വിവിധ സർക്കാർ സ്ഥാപനങ്ങൾ പ്രവർത്തിക്കാൻ സ്ഥലമേറെയുണ്ട്. ഇവിടെയുള്ളത് കൃഷി ഭവനും ഐ.സി.ഡി.എസ് ഓഫീസും മാത്രമാണ്. വാടക കെട്ടിടത്തിലാണ് ഇലക്ട്രിസിറ്റി ബോർഡ് ഓഫീസ് പ്രവർത്തിക്കുന്നത്.
പലയിടത്തായി ചിതറിക്കിടക്കുന്ന സർക്കാർ ഓഫീസുകളെ ഒരു കുടക്കീഴിലെത്തിക്കാനായിരുന്നു ഓഫീസ് കോംപ്ലക്സ് നിർമ്മാണത്തിലൂടെ പദ്ധതിയിട്ടത്. ഇതിൽ മൂതലയിൽ പ്രവർത്തിക്കുന്ന ആയുർവേദ ആശുപത്രി ഉൾപ്പെടെയാണ് മാറ്റാൻ പദ്ധതിയിട്ടത്. എന്നാൽ ആശുപത്രി മാറുന്നതിൽ എതിർപ്പുണ്ടായിരുന്ന നാട്ടുകാർ പിരിവെടുത്ത് ആശുപത്രിക്ക് ആവശ്യമായ ഭൂമി വാങ്ങി നൽകിയതോടെ കെട്ടിടം അതിൽ പണികഴിപ്പിച്ചു. പള്ളിക്കൽ വില്ലേജ് ഓഫീസ് പ്രവർത്തിക്കുന്നത് മൂതലയിൽ സ്വന്തം കെട്ടിടത്തിലാണ്. കൂടുതൽ സൗകര്യങ്ങൾക്കായി പുതിയ വില്ലേജോഫീസിന്റെ കെട്ടിട നിർമ്മാണം പുരോഗമിച്ചുകൊണ്ടിരിക്കുന്നു. അസൗകര്യങ്ങളുടെ നടുവിൽ പ്രവർത്തിക്കുന്ന വി.ഇ ഓഫീസും മാറ്റണമെന്ന ആവശ്യം ശക്തമാണ്. പള്ളിക്കൽ സൗകര്യപ്രദമായ നിലയിൽ ഓഫീസ് കോംപ്ലക്സ് കെട്ടിടം ഉണ്ടായിട്ടും സ്ഥലപരിമിതിയിൽ വീർപ്പുമുട്ടുന്ന ഓഫീസുകളെ മാറ്റാൻ അധികൃതർ മടിക്കുന്നതിൽ ദുരൂഹതയുണ്ടെന്ന് നാട്ടുകാർ ആരോപിക്കുന്നു.
ഉപഭോക്താക്കളുടെ കാത്തിരിപ്പ് - പൊരിവെയിലിൽ
പള്ളിക്കലിലെ മിക്ക സർക്കാർ
ഓഫീസുകളും പ്രവർത്തിക്കുന്നത് - വാടകക്കെട്ടിടത്തിൽ
ഓഫീസ് കോംപ്ലക്സ് ഒഴിഞ്ഞുകിടക്കുന്നു
ആറ് വർഷം മുൻപാണ് ഓഫീസ് കോംപ്ലക്സ് നിർമ്മാണം പൂർത്തിയാക്കി ഉദ്ഘാടനം ചെയ്തത്. അന്ന് ജനങ്ങളുടെ സൗകര്യാർത്ഥം പള്ളിക്കലിലെ ഒട്ടുമിക്ക സർക്കാർ സ്ഥാപനങ്ങളും ഇതിനുള്ളിൽ പ്രവർത്തിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഓഫീസ് കോംപ്ലക്സ് വന്നിട്ടും സർക്കാർ ഓഫീസുകൾ വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്നതായി ആരോപണം ഉയർന്നതോടെയാണ് കൃഷിഭവനും ഐ.സി.ഡി.എസ് ഓഫീസും ഇതിലേക്ക് മാറ്റിയത്.
വഴി സൗകര്യമില്ലെന്ന്
ഇലക്ട്രിസിറ്റി ബോർഡിന്റെ പ്രവർത്തനം ഓഫീസ് കോംപ്ലക്സിലേക്ക് മാറ്റാൻ ആലോചിച്ചെങ്കിലും നടപ്പായില്ല. എന്നാൽ കെ.എസ്.ഇ.ബി ഓഫീസിന് ഇവിടെ പ്രവർത്തിക്കുന്നതിന് ഏറെ ബുദ്ധിമുട്ടുണ്ടെന്നാണ് അധികൃതരുടെ വാദം. ഇലക്ട്രിക്കൽ ഉപകരണങ്ങൾ വാഹനമെത്തിച്ച് ഇറക്കാനും കയറ്റാനും സൗകര്യപ്രദമായ ഇടമാവണം. ഓഫീസ് കോംപ്ലക്സിൽ വലിയ വാഹനമെത്താനുള്ള വഴിയും സൗകര്യങ്ങളും പരിമിതമാണ്.