
മുടപുരം: അഴൂരിലെ നാട്ടുകാരുടെ ഏറെക്കാലത്തെ ആവശ്യമായിരുന്നു ഉപയോഗശൂന്യമായിക്കിടക്കുന്ന ഗ്രാമ പഞ്ചായത്തിന്റെ തെക്കേകോണം മാക്കോട്ടുകോണം കുളം നവീകരിച്ച് നീന്തൽ പരിശീലന കേന്ദ്രമാക്കി മാറ്റണമെന്നത്. എന്നാൽ ഈ ആവശ്യത്തിന് ഇതുവരെ പരിഹാരം കാണാൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ലെന്നെന്ന് നാട്ടുകാർ പറയുന്നു. ഗ്രാമപഞ്ചായത്തിലെ തെറ്റിച്ചിറ വാർഡിൽ തെക്കേകോണം ശിവക്ഷേത്രത്തിന് സമീപമാണ് വിസ്തൃതമായ ഈ കുളം സ്ഥിതി ചെയ്യുന്നത്.
രൂക്ഷമായ വരൾച്ച ഉണ്ടായാലും ഒരിക്കലും വറ്റാത്ത നല്ല ഊറ്റുള്ള കുളമാണ് ഇത്. പതിറ്റാണ്ടുകൾക്ക് മുൻപ് ചിറ്റാരിക്കോണം, തെക്കേകോണം, മുട്ടപ്പലം പാടശേഖരങ്ങളിലെ നെൽകൃഷിയുടെ ജലസേചനത്തിനായി ഈ കുളം ഉപയോഗിച്ചിരുന്നു. എന്നാൽ പലകാരണങ്ങളാൽ കർഷകർ ഇവിടത്തെ നെൽകൃഷി ഉപേക്ഷിക്കേണ്ടിവന്നു. തുടർന്ന് വയൽ ഭാഗികമായി നികത്തുകയും വാഴ, മരച്ചീനി, പച്ചക്കറി, തുടങ്ങിയ കര കൃഷികളാണ് ഇപ്പോൾ ചെയ്തുവരുന്നത്. അതിനാൽ മുൻകാലത്തെ പോലെ ജലസേചനത്തിനായി തെക്കേകോണം കുളത്തെ ആശ്രയിക്കേണ്ട അവസ്ഥ ഇല്ലാതായി. കുളത്തിന്റെ ഉപയോഗവും നിലച്ചു. ഇതുമൂലം കുളത്തിൽ നിന്നുള്ള അരികുതോടും നികന്നു. ഏത് വേനലിലും പ്രദേശത്തെ കിണറുകൾ വറ്റാറില്ല. ഇവിടെ വെള്ളം സുലഭമായി കാണുന്നതും ഇവിടെ ഇത്തരം ജല സമൃദ്ധമായ കുളം നിലവിലുള്ളതാണ്. അതുകൊണ്ടുതന്നെ കുളം നവീകരിച്ച് ഉപയോഗപ്രദമായ തരത്തിലേക്ക് മാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
**കുളം സംരക്ഷിക്കണം
കുളത്തിന്റെ ഉപയോഗം നിലച്ചതോടെ ഇവിടം മാലിന്യനിക്ഷേപ കേന്ദ്രമാകാൻ തുടങ്ങി. ഒപ്പം ഒഴുക്കും ഇല്ലാതായതോടെ കുളത്തിൽ ചെളിയും പായലും കെട്ടാൻതുടങ്ങി. പ്രദേശത്തെ ഏറെക്കാലമായി നിലനിന്നിരുന്ന കുളം നശിക്കാൻ തുടങ്ങിയതോടെയാണ് ഇത് ചെളിയും പായലും നീക്കം ചെയ്ത് കുളം പുനരുദ്ധാരണം നടത്തി നീന്തൽ പരിശീലന കേന്ദ്രമാക്കി മാറ്റണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നത്. അങ്ങനെയെങ്കിൽ കുളം സംരക്ഷിക്കപ്പെടുമെന്നാണ് ഇവരുടെ അഭിപ്രായം.