
കല്ലറ: നാലാംക്ലാസിൽ പഠിക്കുമ്പോൾ പോളിയോയുടെ രൂപത്തിലെത്തിയ വിധിയുടെ ക്രൂരതയിൽ സ്കൂളിന്റെ പടിയിറങ്ങേണ്ടിവന്നെങ്കിലും നിശ്ചയദാർഢ്യത്തോടെ പഠനം പൂർത്തിയാക്കുകയും അറബിക് സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടുകയും ചെയ്ത അദ്ധ്യാപികയ്ക്ക് ആദരം. മലപ്പുറം കുറ്റ്യാടി സ്വദേശിയും കല്ലറ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ഹൈസ്കൂൾ വിഭാഗം അറബിക് അദ്ധ്യാപികയുമായ സഫീനയെയാണ് കെ.എ.എം.എ കിളിമാനൂർ ഉപജില്ലാ കമ്മിറ്റി ആദരിച്ചത്.
പോളിയോ ബാധിച്ചതോടെ സഫീനയ്ക്ക് സ്കൂളിൽ നടന്നെത്താൻ കഴിയുമായിരുന്നില്ല. വാഹന സൗകര്യവും ഇല്ലാതിരുന്നതിനാൽ വീട്ടിലിരുന്ന് പഠിച്ചാണ് എസ്.എസ്.എൽ.സി പാസായത്. ഈ മനക്കരുത്ത് പ്ലസ് ടു, ബിരുദം, ബിരുദാനന്തര ബിരുദം എന്നിവ നേടുന്നതിലും തുണയായി. ഫെലോഷിപ്പോടെ ഫറൂഖ് കോളേജിലായിരുന്നു ഗവേഷണം. ഇതിനിടെ മലപ്പുറത്ത് എൽ.പി, യു.പി സ്കൂൾ അദ്ധ്യാപികയായി ജോലി ലഭിച്ചു. തുടർന്നായിരുന്നു തിരുവനന്തപുരത്തുകാരനായ ഷെഫീക്കുമായുള്ള വിവാഹം. കഴിഞ്ഞവർഷം കിളിമാനൂർ ഗവ.ഹയർസെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ അദ്ധ്യാപികയായി പ്രൊമോഷൻ ലഭിക്കുകയും ഇപ്പോൾ കല്ലറ സ്കൂളിലേക്ക് മാറ്രം ലഭിക്കുകയുമായിരുന്നു.
കിളിമാനൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ മുൻ പ്രഥമദ്ധ്യാപിക എസ്.സാഹിലാ ബീവിയെയും കെ.എ.എം.എ ആദരിച്ചു. കിളിമാനൂർ ഉപജില്ലാ പ്രസിഡന്റ് യാസർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി എം. തമീമുദ്ദീൻ യോഗം ഉദ്ഘാടനം ചെയ്തു. മുൻ സംസ്ഥാന അറബിക് സ്പെഷ്യൽ ഓഫീസർ എം. ഇമാമുദ്ദീൻ, ജില്ലാ സെക്രട്ടറി എസ്. നിഹാസ്, മുനീർ, അബ്ദുൽ കലാം, മുഹമ്മദ് ഷാ, സിമി, മുബീന, അബ്ദുൽ ജലീൽ എന്നിവർ സംസാരിച്ചു.