
തിരുവനന്തപുരം: ഡി ലിറ്റ് വിവാദത്തിൽ ഗവർണറെ രൂക്ഷമായി വിമർശിച്ചും, രമേശ് ചെന്നിത്തലയുടെ നിലപാടിനെ ഏറ്റുപിടിക്കാതെയും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ രംഗത്ത്. വഴി വിട്ട് വൈസ് ചാൻസലറെ വിളിച്ചുവരുത്തി ആർക്കെങ്കിലും ഡി ലിറ്റ് കൊടുക്കാൻ ഗവർണർ നിർദ്ദേശിച്ചിട്ടുണ്ടെങ്കിൽ അത് നിയമവിരുദ്ധവും, ഔദ്യോഗിക പദവി ദുരുപയോഗം ചെയ്യലുമാണെന്ന് അദ്ദേഹം മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു. രാഷ്ട്രപതിക്ക് ഡി ലിറ്റ് നൽകണമെന്ന ഗവർണറുടെ നിർദ്ദേശം സർക്കാർ ഇടപെടലിനെത്തുടർന്ന് കേരള സർവകലാശാല വൈസ് ചാൻസലർ നിരാകരിച്ചോയെന്ന് വ്യക്തമാക്കണമെന്നായിരുന്നു ചെന്നിത്തലയുടെ ആവശ്യം.
ഡി ലിറ്റ് വിഷയത്തിൽ ഗവർണർ ഇടപെട്ടെങ്കിൽ സർവകലാശാല എന്തിനാണ് അക്കാര്യം ഒളിച്ചുവച്ചതെന്ന്
സതീശൻ ചോദിച്ചു. ഈ വിഷയം ഇപ്പോൾ കൊണ്ടുവരുന്നത് കണ്ണൂർ വി.സി നിയമന വിവാദത്തിൽ നിന്ന് ശ്രദ്ധ തിരിച്ചുവിടാനാണ്. വി.സി നിയമനത്തിൽ തനിക്ക് പറ്റിയ തെറ്റ് ഗവർണർ തിരുത്തണം. വി.സിയോട് ഒഴിയാൻ ആവശ്യപ്പെടണം. അല്ലെങ്കിൽ നിയമപരമായി പുറത്താക്കണം. അത്. അതുചെയ്യാതെ ചാൻസലർ പദവി ഏറ്റെടുക്കില്ലെന്ന ഗവണറുടെ പ്രഖ്യാപനം കൗശലമാണ്. ഹൈക്കോടതിയിലെ കേസിൽ നൽകിയ സത്യവാങ്മൂലത്തിൽ വി.സിയുടെ പുനർനിയമനം ശരിയാണെന്നാണ് ഗവർണർ പറഞ്ഞത്.
എന്നാൽ ഗവർണർ ഇത് കോടതിക്ക് പുറത്ത് തിരുത്തി. വീണ്ടും ഡിവിഷൻ ബെഞ്ചിൽ ഈ കേസ് വന്നപ്പോൾ അദ്ദേഹത്തിന് നോട്ടീസ് വന്നു. നിലവിലെ സാഹചര്യത്തിൽ പുനർനിയമനം തെറ്റാണെന്ന് വേറൊരു സത്യവാങ്മൂലം കോടതിയിൽ നൽകുകയാണ് വേണ്ടത്. ഹൈക്കോടതിയിൽ പരസ്‌പര വിരുദ്ധമായ രണ്ട് സത്യവാങ് മൂലം കൊടുക്കേണ്ടി വരുന്നത് ഗവർണറെ പരിഹാസ്യനാക്കും. ഇതിൽ നിന്ന് രക്ഷപ്പെടാനാണ് ചാൻസലർ പദവി ഒഴിഞ്ഞെന്നും സത്യവാങ്മൂലം സർക്കാർ കൊടുക്കട്ടെയെന്നും അദ്ദേഹം പറയുന്നത്. ചാൻസലർ പദവി ഗവർണറെ ഏൽപിച്ചത് നിയമസഭയാണ്. സഭ തീരുമാനിക്കാതെ ചാൻസലറെ മാറ്റാനാകില്ലെന്നും സതീശൻ ചൂണ്ടിക്കാട്ടി.
 രാഷ്ട്രപതിയെ അപമാനിക്കാൻ പ്രതിപക്ഷം കൂട്ടുനിൽക്കുന്നു: കെ. സുരേന്ദ്രൻ
കേരള സർവകലാശാലയുടെ ഡി-ലിറ്റ് നൽകുന്നതുമായി ബന്ധപ്പെട്ട് രാഷ്ട്രപതിയെ അപമാനിച്ചത് കേരളത്തിന് നാണക്കേടാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ വാർത്താലേഖകരോട് പറഞ്ഞു.
ഇക്കാര്യത്തിൽ പ്രതിപക്ഷം സർക്കാരിന് കൂട്ടുനിൽക്കുകയാണ്. സംഭവം പുറത്തുവന്ന ശേഷം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മുഖ്യമന്ത്രിയെ വിമർശിക്കാതെ ഗവർണറെ ആക്രമിക്കുകയാണ്. മന്ത്രിസഭയിലെ അംഗത്തെപ്പോലെയാണ് പ്രതിപക്ഷ നേതാവ് പ്രവർത്തിക്കുന്നത്. എ.കെ.ജി സെന്ററിൽ നിന്നാണോ സതീശന് പ്രതിഫലം കിട്ടുന്നതെന്ന സംശയം ജനങ്ങൾക്കുണ്ട്. വൈരനിര്യാതന ബുദ്ധിയോടെ രാഷ്ട്രീയ എതിരാളികളോട് പെരുമാറുന്ന സി.പി.എം സർവകലാശാലകളിലും അതേ രീതിയിലാണ് ഇടപെടുന്നത്. രാഷ്ട്രപതിക്ക് ഡി-ലിറ്റ് നൽകുന്നത് ചർച്ചാവിഷയമാവുന്നതു പോലും കേരളത്തിന് അപമാനമാണ്. ചാൻസലർ പദവി സി.പി.എമ്മിന്റെ ദാനമല്ല. മന്ത്രി ബിന്ദു പറയുന്നിടത്ത് ഒപ്പിട്ട് കൊടുക്കേണ്ടയാളല്ല ഗവർണർ. രാജ്യത്തിന്റെ ഭരണഘടനയെ പുച്ഛത്തോടെ സമീപിക്കുന്നവരോടൊപ്പം പ്രവർത്തിക്കുന്നത് പോത്തിനോട് വേദം ഓതുന്നതു പോലെയാണെന്നും സുരേന്ദ്രൻ പറഞ്ഞു.