
തിരുവനന്തപുരം: കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റും എം.എൽ.എയുമായിരുന്ന പി.ടി. തോമസിന്റെ ചിതാഭസ്മം വഹിച്ചുള്ള സ്മൃതിയാത്ര നാളെ രാവിലെ ഏഴ് മണിക്ക് പാലാരിവട്ടത്തെ വീട്ടിൽ നിന്നാരംഭിക്കും.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ സാന്നിദ്ധ്യത്തിൽ കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.പി. സജീന്ദ്രൻ കുടുംബാംഗങ്ങളിൽ നിന്ന് ചിതാഭസ്മം ഏറ്റുവാങ്ങും. തുറന്ന വാഹനത്തിൽ കൊണ്ടുപോകുന്ന ചിതാഭസ്മ സ്മൃതിയാത്രയ്ക്ക് വിവിധ സ്ഥലങ്ങളിൽ ആദരവ് അർപ്പിക്കാനുള്ള ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്.
ഇടുക്കി ജില്ലാ അതിർത്തിയായ നേര്യമംഗലത്ത് നിന്ന് സ്മൃതിയാത്രയെ ഇടുക്കി ഡി.സി.സിയുടെ നേതൃത്വത്തിൽ അനുഗമിക്കും. വൈകിട്ട് നാലിന് ഉപ്പുതോട് പള്ളിയിൽ സ്മൃതിയാത്ര സമാപിക്കും. കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല, ഐവാൻ ഡിസൂസ, ഡീൻ കുര്യാക്കോസ് എം.പി തുടങ്ങിയവർ പങ്കെടുക്കും.