kk

ആഹാരവും പാർപ്പിടവും കഴിഞ്ഞാൽ മനുഷ്യന് അവശ്യം വേണ്ടത് വസ്‌ത്രമാണ്. ജനങ്ങളിൽ നല്ലൊരു ഭാഗത്തിന് വസ്‌ത്രമെന്നാൽ നഗ്നത മറയ്ക്കാനുള്ള ഉപാധി മാത്രമാണ്. വില കൂടിയ വസ്ത്രങ്ങൾ അവരുടെ സ്വപ്നങ്ങളിൽ മാത്രമേ കാണുകയുള്ളൂ. ഏറ്റവും കുറഞ്ഞ വിലയ്ക്കുള്ള വസ്ത്രങ്ങൾ ധരിച്ചാണ് അവർ കഴിഞ്ഞുപോകുന്നത്. അതുകൊണ്ടാണ് ഭരണകൂടങ്ങൾ സാധാരണക്കാർ ഉപയോഗിക്കുന്ന വസ്‌ത്രങ്ങളെ നികുതി പരിധിയിൽ ഉൾപ്പെടുത്താതിരിക്കുകയോ ഏറ്റവും കുറഞ്ഞ നികുതി നിരക്ക് നിശ്ചയിക്കുകയോ ചെയ്യുന്നത്. അതിനു കടകവിരുദ്ധമായ തീരുമാനമാണ് ഇക്കഴിഞ്ഞ സെപ്തംബറിൽ ചേർന്ന ജി.എസ്.ടി കൗൺസിൽ കൈക്കൊണ്ടത്.

തുണിത്തരങ്ങളുടെ ജി.എസ്.ടി ഇപ്പോഴത്തെ അഞ്ചു ശതമാനത്തിൽ നിന്ന് പന്ത്രണ്ടു ശതമാനമായി വർദ്ധിപ്പിക്കാനായിരുന്നു തീരുമാനം. പുതുവത്സര ദിനത്തിൽത്തന്നെ വർദ്ധന നടപ്പാക്കണമെന്ന പ്രഖ്യാപനവും തൊട്ടു പിറകെ വന്നു. എന്നാൽ സംസ്ഥാനങ്ങളിൽ നിന്നുയർന്ന രൂക്ഷമായ എതിർപ്പു പരിഗണിച്ച് കേന്ദ്രം ഈ തീരുമാനം നടപ്പാക്കുന്നത് ഫെബ്രുവരി വരെ മാറ്റിവച്ചിരിക്കുകയാണ്. തുണിത്തരങ്ങളുടെ നികുതി കൂട്ടുന്നതിനെതിരെ തുണിമില്ലുകളുടെയും വസ്‌ത്രവ്യാപാരികളുടെയും സംഘടനകൾ ഒറ്റക്കെട്ടായി രംഗത്തുവന്നിരുന്നു. നികുതി വർദ്ധന നടപ്പാക്കിയാൽ രാജ്യത്തൊട്ടാകെ ലക്ഷം ചെറുകിട ടെക്സ്റ്റൈൽ യൂണിറ്റുകളെങ്കിലും പൂട്ടുന്ന സ്ഥിതി ഉണ്ടാകുമെന്നാണ് ഈ രംഗത്തു പരിചയമുള്ളവർ പറയുന്നത്. അടുത്ത ജി.എസ്.ടി കൗൺസിൽ യോഗം വരെയാണ് നികുതി വർദ്ധന മരവിപ്പിച്ചിരിക്കുന്നത്. അതുകഴിഞ്ഞ് വർദ്ധന നടപ്പിലാക്കുമെന്ന സൂചനയാണ് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമനിൽ നിന്നുണ്ടായത്.

ടെക്സ്റ്റൈൽ - വസ്‌ത്ര വ്യാപാര മേഖലകൾക്കു ഏറെ ദോഷം ചെയ്യുന്ന തീരുമാനം തത്‌കാലത്തേക്കു മരവിപ്പിക്കുകയല്ല പാടേ ഉപേക്ഷിക്കുകയാണു വേണ്ടത്. കൊട്ടും കുരവയുമായി ചരക്കു സേവന നികുതി സമ്പ്രദായം നിലവിൽ വന്നതു തന്നെ ഒരു ഉത്‌പന്നത്തിനും അമിത തോതിൽ നികുതി ചുമത്തുകയില്ലെന്നു പ്രഖ്യാപിച്ചുകൊണ്ടാണ്. എന്നാൽ നികുതി സ്ളാബുകൾ പലതും യുക്തിരഹിതമായാണ് നിശ്ചയിച്ചിട്ടുള്ളതെന്ന പരാതി നിലനിൽക്കുകയാണ്.

വെള്ളിയാഴ്ച സമ്മേളിച്ച ജി.എസ്.ടി കൗൺസിൽ യോഗത്തിൽ ഉണ്ടായ ഒരു വെളിപ്പെടുത്തൽ അമ്പരപ്പിക്കുന്നതാണ്. പോയവർഷം ജി.എസ്.ടിയിൽ നാല്പതിനായിരം കോടി രൂപയുടെയെങ്കിലും വെട്ടിപ്പ് രാജ്യത്തൊട്ടാകെയായി നടന്നിട്ടുണ്ടെന്നായിരുന്നു ആ വെളിപ്പെടുത്തൽ. വൻകിട കമ്പനികളും വാണിജ്യസ്ഥാപനങ്ങളുമാണ് പ്രധാനമായും ഇത്തരം തട്ടിപ്പുകൾക്കു പിന്നിൽ. ജി.എസ്.ടി വെട്ടിപ്പിലൂടെ ചോരുന്ന സഹസ്ര കോടികൾക്കു പകരം അധിക നികുതി ചുമത്തി വരുമാനം ഉറപ്പിക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നതെന്നു പറയാം. തുണിത്തരങ്ങളുടെ നികുതി അഞ്ചു ശതമാനത്തിൽ നിന്ന് 12 ശതമാനമായി ഉയർത്തുക വഴി ഖജനാവിലെത്തുന്നത് ഭീമമായ തുകയാകും. സാർവത്രികമായി നടക്കുന്ന നികുതി വെട്ടിപ്പു തടഞ്ഞാൽ ജനങ്ങളെ കൂടുതൽ പിഴിയാതെ തന്നെ വരുമാനം ഉയർത്താനാകും. നികുതി സമ്പ്രദായം ആവിഷ്കരിച്ച കാലം മുതലുള്ളതാണ് നികുതി വെട്ടിപ്പ്. അതു കണ്ടുപിടിച്ചു തടയാൻ ഒട്ടേറെ സംവിധാനങ്ങളുമുണ്ട്. അതിനിടയിലും സാമർത്ഥ്യമുള്ളവർ വെട്ടിപ്പു നടത്തി കൊയ്യുന്നത് കോടാനുകോടികളാണ്. ഇതിന്റെ ഒരു ഭാഗമെങ്കിലും തടയാനായാൽ കൂടക്കൂടെ ജി.എസ്.ടി നിരക്ക് മാറ്റേണ്ടിവരില്ല.

തുണിത്തരങ്ങൾക്കൊപ്പം ആയിരം രൂപയിൽ താഴെ വരുന്ന ചെരുപ്പുകൾക്കും നികുതി അഞ്ചു ശതമാനത്തിൽ നിന്ന് പന്ത്രണ്ടു ശതമാനമായി ഉയർത്താൻ നിർദ്ദേശമുണ്ടായിരുന്നു. ഈ വർദ്ധനയും ഒഴിവാക്കണമെന്നു പല സംസ്ഥാനങ്ങളും കൗൺസിൽ യോഗത്തിൽ വാദിച്ചെങ്കിലും സമ്മതം ലഭിച്ചില്ല. വർദ്ധന പുതുവർഷ ദിനത്തിൽത്തന്നെ നടപ്പാക്കുകയും ചെയ്തു. പാദരക്ഷകൾ ആഡംബര വസ്‌തുവെന്ന നിലയ്ക്കാകും കേന്ദ്രം പരിഗണിക്കുന്നത്.