
ശിവഗിരി : സമൂഹത്തെ ബാധിച്ച കൊടും വ്യാധി ഭേദമാക്കിയ മഹാവൈദ്യനാണ് ശ്രീനാരായണ ഗുരുവെന്ന് മന്ത്രി പി.പ്രസാദ് പറഞ്ഞു. 89 - ാമത് ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ച് നടന്ന ശ്രീനാരായണ പ്രസ്ഥാന സംഗമം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.എല്ലാവരും ഐക്യപ്പെടേണ്ടതിന്റെ ആവശ്യകതയാണ് അദ്ദേഹത്തിന്റെ ഓരോ വാക്കിലും പ്രതിഫലിച്ചത്. ഈ സാഹോദര്യം ഇന്നിന്റെയും നാളെയുടെയും അനിവാര്യതയാണ്. ഗുരുവിന്റെ ചിന്തകളുടെ വെളിച്ചത്തിൽ സ്വയം നവീകരിച്ചാൽ ലോകം നന്നാകും. ജാതിഭേദമില്ലാതെ ലോകമെങ്ങുമുള്ള മലയാളികൾക്ക് ഈശ്വരനെ പ്രാർത്ഥിക്കാനുള്ള ഗീതമാണ് ഗുരു രചിച്ച ദൈവദശകം. സത്യവും അറിവും ആനന്ദവുമാണ് ദൈവമെന്നാണ് ഗുരു നിർവചിച്ചത്. ചാതുർവർണ്യത്തെക്കുറിച്ചുള്ള മഹാത്മാഗാന്ധിയുടെ കാഴ്ചപ്പാടിനെപ്പോലും മാവിലെ ഇലകളെ ചൂണ്ടിക്കാട്ടി തിരുത്തിയ ഗുരു, ഇരുട്ടിനെതിരെ തുളച്ചുകയറിയ വജ്രസൂചിയെപ്പോലെയാണ്.ഗുരുദേവന്റെ അഷ്ടലക്ഷ്യങ്ങളിൽ ഒന്നായ കൃഷിയിലേക്ക് ഇറങ്ങാൻ എല്ലാവരും തയ്യാറാകണമെന്നും അതിലൂടെ നമുക്ക് മുന്നേറാനാകുമെന്നും അദ്ദേഹം പറഞ്ഞു.
അമേരിക്കയിലെ ഗുരുധർമ്മ പ്രചാരണസഭ മുഖ്യരക്ഷാധികാരി ഡോ.കെ.സുധാകരൻ അദ്ധ്യക്ഷനായി.
യു.കെ. ജനീഷ് കുമാർ എം.എൽ.എ, വിവിധ രാജ്യങ്ങളിലെ ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ ഭാരവാഹികളായ സുമിന്ദ് സോമൻ, സി.കെ.സോമരാജൻ, കെ.ശശിധരൻ, മുഹമ്മദ്, ടി.എസ്.ഹരീഷ് കുമാർ, ജെ.ബാലചന്ദ്രൻ, അനിൽ തടാലിൽ, എൻ.സി.അശോക് കുമാർ,അജിതാരാജൻ, പ്രസാദ് കൃഷ്ണൻ, പി.പി.രാജൻ, ജയകുമാർ,സി.എസ്.ബാബു, ബി.ആർ.ഷാജി,അനീഷ് ദാമോദർ,കെ.കെ.ശശിധരൻ,എസ്. ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു. സ്വാമി ഗുരുപ്രസാദ് സ്വാഗതവും സി.ടി.അജയകുമാർ നന്ദിയും പറഞ്ഞു.