വിതുര: വിനോദസഞ്ചാരികളുടെ സ്വപ്നഭൂമിയായ പൊൻമുടി ജനുവരി 5ന് തുറക്കാൻ തീരുമാനം. തിരുവനന്തപുരം ഡി.എഫ്.ഒ കെ.ഐ.പ്രദീപ്കുമാറാണ് വിവരം അറിയിച്ചത്. വിതുര മേഖലയിൽ കൊവിഡ് വ്യാപനം വർദ്ധിച്ച് കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചതോടെയാണ് പൊൻമുടി പൂട്ടിയത്. പിന്നീട് പൊൻമുടി തുറക്കാത്തതിനെതിരെ ശക്തമായ പ്രതിഷേധം ഉയരുന്നിരുന്നു. പൊൻമുടി തുറക്കുന്നതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി കേരളകൗമുദി ഡിസംബർ 20,25,31 തീയതികളിൽ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. വാർത്ത ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് വാമനപുരം എം.എൽ.എ ഡി.കെ.മുരളി പ്രശ്നത്തിൽ സജീവമായി ബന്ധപ്പെട്ടു. ജില്ലാവികസനസമിതി യോഗത്തിൽ പൊൻമുടി അടിയന്തരമായി തുറക്കണമെന്ന് എം.എൽ.എ ആവശ്യപ്പെടുകയും മന്ത്രി എ.കെ. ശശീന്ദ്രന് നിവേദനം നൽകുകയും ചെയ്തു. ഡി.എഫ്.ഒയെയും, കളക്ടറെയും കണ്ട് പൊൻമുടിയെക്കുറിച്ചുള്ള വിവരങ്ങൾ ധരിപ്പിച്ചു. ഇതിനെത്തുടർന്ന് റൂറൽ ജില്ലാപൊലീസ് സൂപ്രണ്ടും റൂറൽ എസ്.പിയും, ഡി.എഫ്.ഒയും പൊൻമുടിറോഡിൽ ഇടിഞ്ഞുകിടക്കുന്ന ഭാഗം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി അടിയന്തരമായി തുറക്കാൻ തീരുമാനിക്കുകയായിരുന്നു. പഴയതുപോലെ ഓൺലൈൻ സംവിധാനത്തിലൂടെയാണ് സന്ദർശകർക്ക് അനുമതി നൽകുന്നത്. ചെക്ക് പോസ്റ്റിൽ തിരക്ക് നിയന്ത്രിക്കുന്നതിനായി വിതുര, പൊൻമുടി പൊലീസിന്റെ സേവനവും ഉറപ്പാക്കും.
** കേരളകൗമുദി വാർത്തയെ തുടർന്ന് ഡി.കെ.മുരളി എം.എൽ.എ പ്രശ്നത്തിൽ ഇടനപെട്ടതോടെയാണ് പൊൻമുടി തുറക്കാൻ തീരുമാനമായത്.
** വില്ലനായി കൊവിഡ്
വിതുര പഞ്ചായത്തിലെ കല്ലാർ വാർഡിൽ കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് വാർഡിനെ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചിരുന്നു. തുടർന്ന് 2021 സെപ്തംബർ 21 നാണ് വനംവകുപ്പ് പൊൻമുടി അടച്ചത്. കൊവിഡ് കുറഞ്ഞപ്പോൾ തുറക്കാൻ തീരുമാനിച്ചെങ്കിലും ഇതിനിടയിൽ ശക്തമായ മഴ പെയ്യുകയും, കല്ലാർ ഗോൾഡൻവാലിയിൽ റോഡരിക് ഇടിഞ്ഞുവീഴുകയും ചെയ്തു. ഇതോടെ വീണ്ടും പൊൻമുടിയിലേക്ക് സഞ്ചാരികൾക്ക് വിലക്ക് ഏർപ്പെടുത്തുകയായിരുന്നു. ഗോൾഡൻവാലിയിൽ റോഡിന്റെ ഒരു വശമാണ് ശക്തമായ മഴയത്ത് ഇടിഞ്ഞുവീണത്. ഇടതുഭാഗത്തുകൂടി കെ.എസ്.ആർ.ടി.സി ഉൾപ്പെടെയുള്ള വാഹനങ്ങൾ ഓടുന്നുണ്ട്. റോഡ് ഗതാഗതയോഗ്യമാക്കാൻ ഫണ്ട് അനുവദിച്ചെങ്കിലും പണി മാത്രം നടന്നില്ല. ഇതുസംബന്ധിച്ച് മന്ത്രിക്ക് വരെ നിവേദനം നൽകിയെങ്കിലും നടപടികൾ സ്വീകരിക്കാൻ വിമുഖത കാട്ടുകയായിരുന്നു. യുദ്ധകാലാടിസ്ഥാനത്തിൽ പണി പൂർത്തീകരിക്കേണ്ട പൊൻമുടി സംസ്ഥാനപാതയോട് കാട്ടുന്ന അവഗണനയ്ക്കെതിരെ പൊൻമുടി നിവാസികളും കടുത്ത അതൃപ്തിയിലായിരുന്നു.
വ്യാപാരികളും പ്രതിസന്ധിയിൽ
ഇടയ്ക്ക് പൊൻമുടിലേക്കുള്ള ബസ് സർവീസും നിറുത്തലാക്കിയിരുന്നു. നാട്ടുകാരുടെ ശക്തമായ പ്രതിഷേധത്തെ തുടർന്നാണ് സർവീസ് പുനരാരംഭിച്ചത്. പൊൻമുടി അടച്ചതോടെ വിതുര മേഖലയിലെ വ്യാപാരിസമൂഹവും പ്രതിസന്ധിയിലായി. സാധാരണ പൊൻമുടി സന്ദർശനത്തിനായി ദിനം പ്രതി ആയിരങ്ങളാണ് എത്തുന്നത്. പൊൻമുടിയിൽ ടൂറിസ്റ്റുകൾ എത്തുമ്പോൾ വിതുര മേഖലയിലെ വ്യാപാരവിപണി സജീവമാകുമായിരുന്നു. ലക്ഷക്കണക്കിന് രൂപയുടെ കച്ചവടമാണ് നടക്കാറുള്ളത്. വഴിയോരവാണിഭം വരെ ഉഷാറായിരുന്നു. സഞ്ചാരികളുടെ പ്രവാഹം മൂലം ക്രിസ്മസ്-ന്യൂയർ വേളയിൽ സാധാരണ വിതുര മേഖല ഉത്സവപ്രതീതിയിലാണ്. പതിനായിരക്കണക്കിന് പേരാണ് എത്താറുള്ളത്. പൊൻമുടി മാസങ്ങളായി അടഞ്ഞുകിടക്കുന്നതുമൂലം വിതുര, തൊളിക്കോട് പഞ്ചായത്തിലെ വ്യാപാരമേഖലയും സ്തംഭനാവസ്ഥയിലായി. മൂന്ന് മാസം പൊൻമുടി അടച്ചിട്ടിരുന്നെങ്കിലും ധാരാളം സഞ്ചാരികൾ സന്ദർശനത്തിനായെത്തിയിരുന്നു. കല്ലാറിൽ വച്ച് വനപാലകരും പൊലീസും ചേർന്ന് ഇവരെ മടക്കി അയയ്ക്കുകയായിരുന്നു.