tourist

തിരുവനന്തപുരം: മദ്യം വാങ്ങിയെത്തിയ സ്വീഡൻ സ്വദേശി സ്റ്റീഫൻ ആസ്‌ബെർഗിനെ ആക്ഷേപിച്ച കോവളം സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ എസ്. ഷാജിയെ സസ്‌പെൻഡ് ചെയ്‌തതിൽ പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ അതൃപ്തി അറിയിച്ചു.

സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഡി.ജി.പിയുടെ നിർദ്ദേശത്തിലാണ് എസ്. ഷാജിയെ സസ്‌പെൻഡ് ചെയ്‌തത്.

അതേസമയം ബില്ലില്ലാതെ മദ്യം കൊണ്ട് പോകരുതെന്നും ഹോംസ്റ്റേകളിൽ പുതുവത്സരത്തോട് അനുബന്ധിച്ച് മദ്യം പാടില്ലെന്ന നിർദ്ദേശമാണ് പൊലീസ് സ്റ്റീഫന് നൽകിയെന്നാണ് അസോസിയേഷൻ പറയുന്നത്. കൃത്യമായ അന്വേഷണം നടത്തി സത്യം പുറത്ത് കൊണ്ട് വരണം. ഇക്കാര്യമാവശ്യപ്പെട്ട് അസോസിയേഷൻ മുഖ്യമന്ത്രിയ്ക്കും ഡി.ജി.പിയ്‌ക്കും കത്ത് നൽകി. അഞ്ച് വർഷമായി ബിസിനസ് വിസയിൽ ഹോംസ്റ്റേ നടത്തുന്ന സ്റ്റീഫൻ എങ്ങനെ വിനോദ സഞ്ചാരിയാകുമെന്നും അസോസിയേഷൻ ചോദിച്ചു.

വിദേശിയെ തടഞ്ഞ സംഭവത്തിൽ മന്ത്രി മുഹമ്മദ് റിയാസ് പൊലീസിനെ വിമർശിച്ചിരുന്നു. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു. കോവളം സി.ഐക്ക് വീഴ്ചയുണ്ടോയെന്നും പരിശോധിക്കും. സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്‌.പിക്കാണ് അന്വേഷണച്ചുമതല.

അതിനിടെ സ്റ്റീഫനെ ഒൗദ്യോഗിക വസതിയിലേയക്ക് വിളിച്ചുവരുത്തി മന്ത്രി വി. ശിവൻകുട്ടി സർക്കാരിന്റെ പിന്തുണ അറിയിച്ചു.

കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ് പുതുവത്സര ആഘോഷത്തിന് മദ്യം വാങ്ങിയെത്തിയ സ്റ്റീഫനെ ബില്ലില്ലെന്ന് ചൂണ്ടിക്കാട്ടി കോവളം പൊലീസ് തടഞ്ഞത്.

 ഒപ്പം നിന്ന് അള്ള് വയ്‌ക്കരുത്: മന്ത്രി റിയാസ്

വിദേശിയെ ആക്ഷേപിച്ച പൊലീസിന്റെ നടപടി ദൗർഭാഗ്യകരമാണെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് വിമർശിച്ചു. ഇത് സർക്കാരിന്റെ നയമല്ല. സർക്കാരിന്റെ ഒപ്പം നിന്ന് അള്ള് വയ്‌ക്കുന്ന നടപടി അനുവദിക്കില്ല. കൊവിഡിന്റെ രൂക്ഷത മാറി ടൂറിസ്റ്റുകളെ കൊണ്ടുവരാനുള്ള ശ്രമം നടത്തുമ്പോൾ ഇങ്ങനെയുള്ള കാര്യങ്ങൾ പരിശോധിക്കണം. വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിട്ടുണ്ടെന്നും റിയാസ് പറഞ്ഞു.

 സംഭവത്തിൽ ദുഃഖം: സ്റ്റീഫൻ ആസ്‌ബെർഗ്

മദ്യത്തിന് ബില്ലില്ലെന്ന് കാണിച്ച് പൊലീസ് മോശമായി പെരുമാറിയ സംഭവത്തിൽ വളരെ ദുഃഖമുണ്ടെന്ന് സ്റ്റീഫൻ ആസ്‌ബെർഗ് പറഞ്ഞു. പൊലീസിൽ നിന്ന് ഇത് പ്രതീക്ഷിച്ചില്ല. താൻ പരാതി നൽകിയിട്ടില്ല. ഇത്തരം അനുഭവങ്ങൾ മുമ്പും ഉണ്ടായിട്ടുണ്ട്. നാലു വർഷമായി കോവളത്ത് ഹോം സ്റ്റേ നടത്തുകയാണ് താൻ. തന്റെ നിരപരാധിത്വം തെളിയിക്കാനാണ് മദ്യം ഒഴുക്കിക്കളഞ്ഞിട്ടും ബിവറേജിൽ നിന്ന് ബില്ല് വാങ്ങി സ്റ്റേഷനിൽ ഹാജരാക്കിയതെന്ന് സ്റ്റീഫൻ പറഞ്ഞു.