ലളിതം സുന്ദരം, മേരീ ആവാസ് സുനോ, ജാക്ക് ആൻഡ് ജിൽ എന്നീ ചിത്രങ്ങൾ റിലീസിന്

manju

മഞ്ജുവാര്യരുടെ മൂന്നു ചിത്രങ്ങൾ റിലീസിന് ഒരുങ്ങുന്നു. ആദ്യമായാണ് മഞ്ജുവാര്യരുടെ മൂന്നു ചിത്രങ്ങൾ ഒരേ പോലെ റിലീസിന് ഒരുങ്ങുന്നത്. ലളിതം സുന്ദരം, മേരീ ആവാസ് സുനോ, ജാക്ക് ആൻഡ് ജിൽ എന്നീ ചിത്രങ്ങളാണ് റിലീസ് ചെയ്യുന്നത്. ലളിതം സുന്ദരം ഡിസ്‌നി ഹോട്ട്‌സ്റ്റാർ ഒ.ടി.ടി പ്ളാറ്റ്‌ഫോമിൽ ഫെബ്രുവരിയിൽ റിലീസ് ചെയ്യും. ജാക്ക് ആൻഡ് ജിൽ ഫെബ്രുവരി 14ന് തിയേറ്ററുകളിൽ എത്തും. മേരീ ആവാസ് സുനോയുടെ റിലീസ് തീയതി കോവിഡ് സാഹചര്യം കൂടി വിലയിരുത്തിയശേഷം തീരുമാനിക്കുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.ഇടവേളയ്ക്കുശേഷം ബിജുമേനോനും മഞ്ജുവാര്യരും ഒന്നിക്കുന്ന ചിത്രമാണ് ലളിതം സുന്ദരം. മഞ്ജുവാര്യരുടെ സഹോദരനും നടനുമായ മധുവാര്യർ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം എന്ന പ്രത്യേകതയുമുണ്ട്.തിയേറ്റർ റിലീസായി പ്ളാൻ ചെയ്തിരുന്ന ലളിതം സുന്ദരം കുടുംബപശ്ചാത്തലത്തിലാണ് ഒരുങ്ങുന്നത്. സെഞ്ച്വറി ഫിലിംസും മഞ്ജുവാര്യർ പ്രൊഡക്‌ഷൻസും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിൽ സറീന വഹാബ്, സൈജു കുറുപ്പ്, അനുമോഹൻ, രഘുനാഥ് പലേരി, സുധീഷ്, ദീപ്‌തി സതി എന്നിവരാണ് മറ്റു താരങ്ങൾ. പ്രമോദ് മോഹൻ രചന നിർവഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം പി. സുകുമാർ ആണ്. ഗാനങ്ങൾ ബി.കെ. ഹരിനാരായണൻ, സംഗീതം: ബിജിബാൽ.മഞ്ജുവാര്യരും ജയസൂര്യയും ആദ്യമായി ഒരുമിച്ച് അഭിനയിക്കുന്ന ചിത്രമാണ് മേരി ആവാസ് സുനോ. പ്രജേഷ് സെൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ശിവദ, ഗൗതമി നായർ, ജോണി ആന്റണി, സുധീർ കരമന, ജി. സുരേഷ്‌കുമാർ എന്നിവരാണ് മറ്റു താരങ്ങൾ. ഒരു റേഡിയോ ജോക്കിയുടെ കഥയാണ് ചിത്രം പറയുന്നത്. ഡോക്ടറുടെ വേഷമാണ് ചിത്രത്തിൽ മഞ്ജുവാര്യർക്ക്. ക്യാപ്ടൻ, വെള്ളം എന്നീ ചിത്രങ്ങൾക്കുശേഷം ജയസൂര്യ - പ്രജേഷ് സെന്നും ഒന്നിക്കുന്ന മൂന്നാമത്തെ സിനിമയായ മേരീ ആവാസ് സുനോ യൂണിവേഴ്സൽ സിനിമയുടെ ബാനറിൽ ബി. രാകേഷാണ് നിർമ്മിക്കുന്നത്. ഛായാഗ്രഹണം നൗഷാദ് ഷെരീഫ്, ഗാനങ്ങൾ ബി.കെ. ഹരിനാരായണൻ, സംഗീതം എം. ജയചന്ദ്രൻ.

ജാക്ക് ആൻഡ് ജിൽ ഫെബ്രുവരി 14ന്

ഛായാഗ്രാഹകനും സംവിധായകനുമായ സന്തോഷ് ശിവനും മഞ്‌ജു വാര്യരും ഒന്നിക്കുന്ന ആദ്യ ചിത്രമാണ് ജാക്ക് ആൻഡ് ജിൽ. ത്രില്ലർ ഗണത്തിൽപ്പെടുത്താവുന്ന മുഴുനീള എന്റർടെയ്‌നറായ ജാക്ക് ആൻഡ് ജിൽ ഉറുമിക്കു ശേഷം സന്തോഷ് ശിവൻ സംവിധാനം ചെയ്യുന്ന ചിത്രം എന്ന പ്രത്യേകത കൂടിയുണ്ട്. കിം കിം കിം എന്ന ഗാനം പാടി മഞ്ജുവാര്യർ തരംഗം തീർത്ത ജാക്ക് ആൻഡ് ജിൽ വാനോളം പ്രതീക്ഷയാണ് പ്രേക്ഷകർക്ക്. ചിത്രത്തിന്റെ ഛായാഗ്രഹണവും സന്തോഷ് ശിവൻ നിർവഹിക്കുന്നു. കാളിദാസ് ജയറാമും സൗബിൻ ഷാഹിറുമാണ് മഞ്ജുവാര്യർക്കൊപ്പം കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നെടുമുടി വേണു, ഇന്ദ്രൻസ്, അജുവർഗീസ്, ബേസിൽ ജോസഫ്, രമേശ് പിഷാരടി, എസ്‌തർ, സേതുലക്ഷ്മി എന്നിവരാണ് മറ്റു താരങ്ങൾ.ഗാനരചന ബി.കെ ഹരിനാരായണൻ സംഗീതം ജേക്സ് ബിജോയ്, ഗോപി സുന്ദർ.