
ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ കുടുംബസമേതം സന്ദർശിച്ച് ടൊവിനോ തോമസ്. കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ ടൊവിനോ സമൂഹമാദ്ധ്യമത്തിൽ പങ്കുവയ്ക്കുകയും ചെയ്തു. ഭാര്യ ലിഡിയ, മക്കളായ ഇസ, തഹാൻ എന്നിവരോടൊപ്പമാണ് ടൊവിനോ രാജ്‌ഭവനിൽ എത്തി ഗവർണറുമായി കൂടിക്കാഴ്ച നടത്തിയത്. ഒരു മാസമായി വാശി എന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ടൊവിനോ തിരുവനന്തപുരത്തുണ്ട്. കീർത്തി സുരേഷ് ആണ് വാശിയിൽ നായിക. അതേസമയം ടൊവിനോയുടെ അഭിനയജീവിതത്തിലെ ഏറ്റവും വലിയ ചിത്രമായ മിന്നൽ മുരളി ലോകം മുഴുവൻ തരംഗമായി മാറി. മലയാളത്തിലെ ആദ്യ സൂപ്പർ ഹീറോ ചിത്രമായ മിന്നൽ മുരളി അഞ്ചു ഭാഷകളിലായി 113 രാജ്യങ്ങളിലാണ് ഒ.ടി.ടി പ്ളാറ്റ്ഫോമിലൂടെ റിലീസ് ചെയ്തത്. ആഷിഖ് അബു സംവിധാനം ചെയ്ത നാരദനാണ് ടൊവിനോയുടെ റിലീസിന് ഒരുങ്ങുന്ന ചിത്രം. അന്ന ബെൻ ആണ് നായിക. പൊളിറ്റിക്കൽ ത്രില്ലറായ നാരദനിൽ ദൃശ്യമാദ്ധ്യമ പ്രവർത്തകന്റെ വേഷത്തിലാണ് ടൊവിനോ എത്തുക. ജനുവരി 27ന് ചിത്രം റിലീസ് ചെയ്യും.