vd

തിരുവനന്തപുരം: മുൻഗണനകൾ നിശ്ചയിക്കാൻ സർക്കാരിന് സാധിക്കണമെന്നും ഇപ്പോൾ മുൻഗണന നൽകേണ്ടത് കെ - റെയിലിനല്ലെന്നും വി.ഡി. സതീശൻ പറഞ്ഞു. ദേശീയപാത വികസന സ്‌തംഭനത്തിനെതിരെ കരമന - കളിയിക്കാവിള ദേശീയപാത വികസന ആക്ഷൻ കൗൺസിൽ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിയ ബഹുജന ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സാധാരണക്കാരുടെ അഭയമായ കെ.എസ്.ആർ.ടി.സിക്കും ദേശീയപാത വികസനത്തിനും മുൻഗണന കൊടുക്കാതെ കെ-റെയിലിനായി സർക്കാർ വാദിക്കുന്നത് വിരോധാഭാസമാണെന്നും അദ്ദേഹം പറഞ്ഞു. കരമന - കളിയിക്കാവിള ദേശീയപാത വികസന വിഷയം നിയമസഭയിൽ ഗൗരവത്തോടെ അവതരിപ്പിക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി. ആക്‌ഷൻ കൗൺസിൽ പ്രസിഡന്റ് അഡ്വ.എ.എസ്. മോഹൻകുമാർ അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി സംസ്ഥാന സെക്രട്ടറി കരമന ജയൻ, ജനതാദൾ നേതാവ് നീലലോഹിതദാസൻ നാടാർ, കൗൺസിൽ രക്ഷാധികാരി ആർ.എസ്. ശശികുമാർ, ജനറൽ സെക്രട്ടറി എസ്.കെ. ജയകുമാർ എന്നിവർ പങ്കെടുത്തു.