
തിരുവനന്തപുരം: സംസ്ഥാനത്ത് പൊലീസ് വഴിവിട്ട് സഞ്ചരിക്കുകയാണെന്നും പൊലീസിന് നിയന്ത്രണരേഖ ഇല്ലാതായെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു. പൊലീസിനെ കുറിച്ച് ദിവസവും പരാതികളാണ്. എന്നാൽ ഒറ്റപ്പെട്ട സംഭവമാണെന്നാണ് സർക്കാരിന്റെ വാദം. പുതുവത്സരത്തലേന്ന് ബിവറേജസിൽ നിന്ന് മദ്യം വാങ്ങി മടങ്ങിയ വിദേശിയെ കോവളത്ത് തടഞ്ഞുനിറുത്തിയ സംഭവത്തെ കുറിച്ച് മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്ത് ഗുണ്ടാക്രമണങ്ങൾ കൂടിവരികയാണ്. അപ്പോഴും പൊലീസ് നിഷ്‌ക്രീയമാണ്. പൊലീസിന് ഒരു സേനയുടെ സ്വഭാവം നഷ്ടപ്പെട്ടു. എസ്.പിമാരെ നിയന്ത്രിക്കുന്നത് സി.പി.എം ജില്ലാകമ്മിറ്റിയാണ്. പാർട്ടി പറയുന്നവരെയാണ് പൊലീസിലെ താക്കോൽ സ്ഥാനങ്ങളിൽ ഇരുത്തിയിരിക്കുന്നതെന്നും സതീശൻ പ്രതികരിച്ചു.