ആര്യനാട്: ആര്യനാട് ഗ്രാമപഞ്ചായത്തിലെ സി.എച്ച്.സിയിൽ രാത്രികാലങ്ങളിൽ ഡോക്ടർ ഇല്ലതെ രോഗികളും ജനങ്ങളും വലയുന്നതായി കാണിച്ച് ഡി.എം.ഒയ്ക്ക് പരാതി. ബി.ജെ.പി ആര്യനാട് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എം.എസ്. സജി, ജനറൽ സെക്രട്ടറി ഷിബു വലിയകലുങ്ങ് എന്നിവരാണ് പരാതി നൽകിയത്. വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി, എന്നിവർക്കും രേഖാമൂലം പരാതി നൽകിയിട്ടുണ്ട്. ആര്യനാട് സി.എച്ച്.സിയിൽ നാല് ഡോക്ടർമാരും മുന്ന് എൻ.ആർ.എച്ച്.എം ഡോക്ടർമാരും ഉൾപ്പടെ ഏഴ് പേർ ഉണ്ടായിട്ടും ഒരാൾപോലും രാത്രികാലങ്ങളിൽ സേവനം അനുഷ്ഠിക്കാൻ തയ്യാറല്ല. കഴിഞ്ഞ ന്യൂയർ രാത്രി ചികിത്സ തേടിയെത്തിയവർ കിലോമീറ്റർ അകലെയുള്ള നെടുമങ്ങാട്, തിരുവനന്തപുരം ആശുപത്രികളിൽ ചികിത്സ തേടേണ്ടിവന്നു. പൊതുജനങ്ങളുടെ ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകളെത്തുടർന്നാണ് ബി.ജെ.പി ഭാരവാഹികൾ ഉദ്യോഗസ്ഥർക്ക് പരാതി നൽകിയത്.