s

ശിവഗിരി: ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ചുള്ള കലോത്സവ പരിപാടികളുടെ ഭാഗമായുള്ള കലാ സാഹിത്യ മത്സരങ്ങളിലെ വിജയികളെ ശിവഗിരി മഠം ഉപഹാരം നൽകി അനുമോദിച്ചു. കലോത്സവ സമ്മാനദാന ചടങ്ങ് ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ഉദ്ഘാടനം ചെയ്‌തു. പുതുതലമുറ ശ്രീനാരായണഗുരുദേവന്റെ ജീവിതത്തെയും ദർശനത്തെയും ശ്രദ്ധിക്കാതെ പോകുന്നുവെന്നും കുട്ടികൾക്ക് ഗുരുദേവ കൃതികളെയും ചരിത്രത്തെയും കൂടുതൽ മനസിലാക്കുന്നതിന് ഇത്തരം കലോത്സവങ്ങൾ പ്രയോജനം ചെയ്യുമെന്നും സ്വാമി സച്ചിദാനന്ദ പറഞ്ഞു. കലോത്സവ കമ്മിറ്റി ചെയർമാൻ ഡോ. രഘു അഞ്ജയിൽ അദ്ധ്യക്ഷത വഹിച്ചു. സ്വാമി ഗുരുപ്രസാദ്, സ്വാമി വിഖ്യാതാനന്ദ എന്നിവർ അനുഗ്രഹപ്രഭാഷണം നടത്തി.

മീഡിയ കമ്മിറ്റി ചെയർമാൻ ഡോ. എം. ജയരാജു, പുത്തൂർ ശോഭനൻ, മിനി അനിരുദ്ധൻ, ചെമ്പഴന്തി സതീഷ്, സത്യജിത്ത്, ശ്യാമള ടീച്ചർ, സുശീല ടീച്ചർ, അഡ്വ. വിനോദ് എന്നിവർ സംസാരിച്ചു. എൽ.പി, യു.പി, എച്ച്.എസ്, എച്ച്.എസ്.എസ്, കോളേജ്, പൊതുവിഭാഗം എന്നീ ആറ് വിഭാഗങ്ങളിലായാണ് മത്സരം സംഘടിപ്പിച്ചത്.

425 പേരാണ് മത്സരിച്ചത്. 85 പേർ വിജയികളായി. ആറ് വിഭാഗങ്ങളിൽ ഓരോന്നിലും ഏറ്റവും കൂടുതൽ പോയിന്റ് നേടിയ 6 പേർ ഗിരിതീർത്ഥ കലാ പുരസ്കാരത്തിന് അർഹരായി. ഇളാനീരജ് കണ്ണൂർ, ശ്രീഹരി ആർ.തിരുവനന്തപുരം,കിരൺ ശങ്കർ കണ്ണൂർ, അനന്തു ഷാജി കോട്ടയം, രശ്മി രഘുനാഥ് കൊല്ലം, ഡി.എ. ആർച്ച കോട്ടയം എന്നിവർക്കാണ് പുരസ്കാരം ലഭിച്ചത്. വിജയികൾക്ക് വർക്കല ഡിവൈ.എസ്.പി. പി. നിയാസ് സർട്ടിഫിക്കറ്റും ഉപഹാരവും നൽകി. ഔട്ട്സ്റ്റാൻഡിംഗ് വിന്നേഴ്സ്, ഔട്ട്സ്റ്റാൻഡിംഗ് പെർഫോമേഴ്സ്, എക്സലന്റ് പെർഫോമേഴ്സ് എന്നീ മൂന്നുവിഭാഗങ്ങളായി മികവു പുലർത്തിയവരെയും ചടങ്ങിൽ ആദരിച്ചു.