s

ശിവഗിരി: അറിവും തിരിച്ചറിവും പകർന്നു നൽകിയും ,ഗുരുകൃപയുടെ സായൂജ്യം ആത്മാവിൽ നിറച്ചും മൂന്നു നാൾ ശിവഗിരിക്കുന്നിനെ ആത്മാർപ്പണത്തിന്റെ പ്രാർത്ഥനാ കേന്ദ്രമാക്കിയ 89 -ാമത് ശിവഗിരി തീർത്ഥാടനത്തിന് ശുഭപര്യവസാനം. കൊവിഡ് നിയന്ത്രങ്ങളിൽ ഇളവ് ലഭിച്ചതോടെ ഗുരുവിന്റെ കരുണാകടാക്ഷം ഏറ്റുവാങ്ങാൻ ഭക്തജനങ്ങൾ ശിവഗിരിയിലേക്ക് ഒഴുകുകയായിരുന്നു.

1928 ജനുവരി 19ന് ഗുരു കോട്ടയും നാഗമ്പടം ശ്രീ മഹാദേവർ ക്ഷേത്രത്തിനരികിലുള്ള മാവിൻ ചുവട്ടിൽ വിശ്രമിക്കുകയായിരുന്ന ഗുരുദേവൻ വല്ലഭശ്ശേരി ഗോവിന്ദൻ വൈദ്യർ, ടി.കെ. കിട്ടൻ റൈട്ടർ എന്നീ ഗുരു ഭക്തരുടെ അപേക്ഷ പ്രകാരമാണ് തീർത്ഥാടനത്തിന് അനുമതി നൽകിയത്. വിദ്യാഭ്യാസം, ശുചിത്വം, ഈശ്വര ഭക്തി, സംഘടന, കൃഷി, കച്ചവടം, കൈത്തൊഴിൽ, സാങ്കേതിക പരിശീലനങ്ങൾ എന്നീ അഷ്ട ലക്ഷ്യങ്ങളിൽ പ്രഗത്ഭരായ നിരവധി പേരാണ് മൂന്നു ദിവസങ്ങളിലായി നടന്ന തീർത്ഥാടനത്തിൽ പ്രസംഗികരായത്. തീർത്ഥാടനം തുടങ്ങുന്നതിന് ദിവസങ്ങൾക്ക് മുമ്പേ തീർത്ഥാടക സംഘങ്ങൾ എത്തിക്കൊണ്ടിരുന്നു. മറ്റു സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തു നിന്നും ഗുരുഭക്തർ സ്വയമർപ്പിച്ച് കർമ്മനിരതരായി.

തീർത്ഥാടന കമ്മിറ്റി ഭാരവാഹികൾ ഉൾപ്പെടെയുള്ള വിവിധ സബ് കമ്മിറ്റികളുടെ കൂട്ടായ്മയാണ് സമ്മേളനത്തെ വൻവിജയമാക്കിയത്. എല്ലാ കമ്മിറ്റികളുടെയും പ്രവർത്തനങ്ങൾക്ക് മാർഗനിർദ്ദേശം നൽകി ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, ജനറൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ, തീർത്ഥാടന കമ്മിറ്റി സെക്രട്ടറി സ്വാമി ഗുരുപ്രസാദ് തുടങ്ങിയവർ ആദ്യവസാനം സജീവമായി. ഗ്രീൻ പ്രോട്ടോക്കോൾ പൂർണമായും പാലിച്ചായിരുന്നു തീർത്ഥാടനം.