
തിരുവനന്തപുരം: 15 -18 വയസുകാർക്ക് കൊവിഡ് വാക്‌സിനേഷൻ നാളെ ആരംഭിക്കുന്ന പശ്ചാത്തലത്തിൽ, പെട്ടെന്ന് തിരിച്ചറിയാൻ കുത്തിവയ്പ് കേന്ദ്രങ്ങളിൽ കുട്ടികൾക്കുള്ള കൗണ്ടറിൽ പിങ്ക് ബോർഡും മുതിർന്നവരുടേതിൽ നീല ബോർഡും സ്ഥാപിക്കും. പ്രവേശനകവാടം, രജിസ്‌ട്രേഷൻ സ്ഥലം എന്നിവിടങ്ങളിലും ബോർഡ് വയ്ക്കും.
നാളെ മുതൽ ഈ മാസം 10 വരെ ബുധനാഴ്ച ഒഴികെയും ഞായറാഴ്ച ഉൾപ്പെടെയും ജനറൽ, ജില്ലാ, താലൂക്ക്, സി.എച്ച്.സി എന്നിവിടങ്ങളിൽ കുട്ടികൾക്ക് വാക്‌സിനേഷൻ നടക്കും. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും കുടുംബാരോഗ്യ കേന്ദ്രങ്ങളിലും എല്ലാ ആഴ്ചയും ചൊവ്വ, വ്യാഴം, വെള്ളി, ഞായർ ദിവസങ്ങളിലും കുട്ടികൾക്ക് വാക്സിൻ നൽകും.
ഓരോ വിദ്യാഭ്യാസ സ്ഥാപനവും വാക്‌സിൻ എടുത്തവരുടെയും എടുക്കാത്തവരുടെയും എണ്ണം ശേഖരിച്ച് ക്രമമായ ഇടവേളകളിൽ ജില്ലാ വിദ്യാഭ്യാസ ഓഫീസർക്ക് നൽകണം. അതിന്റെ കോപ്പി ആരോഗ്യ വകുപ്പിലെ ആർ.സി.എച്ച് ഓഫീസർക്കും കൈമാറും. ഇത് അനുസരിച്ചാകും തുടർപ്രവർത്തനങ്ങൾ.
കുത്തിവയ്പ് കേന്ദ്രത്തിലും
രജിസ്ട്രേഷൻ
സ്വന്തമായോ സ്കൂൾ വഴിയോ രജിസ്‌ട്രേഷൻ നടത്താൻ കഴിയാത്ത കുട്ടികൾക്ക് വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ രജിസ്റ്റർ ചെയ്ത് വാക്സിൻ സ്വീകരിക്കാം
രാജ്യം തയ്യാറെന്ന് കേന്ദ്രം
ന്യൂഡൽഹി: ആവശ്യമായ ഡോസുകൾ ശേഖരിച്ച് ശിശുരോഗ വിദഗ്ദ്ധരെയും ലഭ്യമാക്കി കുട്ടികൾക്കുള്ള വാക്സിനേഷന് രാജ്യം തയ്യാറായിക്കഴിഞ്ഞെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മൻസൂഖ് മാണ്ഡവ്യ പറഞ്ഞു.
2007ൽ ജനിച്ചവർക്ക് കുത്തിവയ്പ്പിന് അർഹതയുണ്ട്.കൗമാരക്കാർക്ക് വാക്സിനേഷനുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. രജിസ്റ്റർ ചെയ്തവർക്ക് നാളെ മുതൽ കുത്തിവയ്പ്പ് എടുക്കാം. ഓൺലൈൻ സൗകര്യമില്ലാത്ത കുട്ടികൾക്ക് സ്കൂളുകൾ വഴി രജിസ്ട്രേഷൻ നടത്താം. 10 ലക്ഷത്തോളം പേരാണ് ഈ വിഭാഗത്തിലുള്ളത്.
മുതിർന്നവർക്കും സൗകര്യം
ബുധൻ, ഞായർ ഒഴികെ എല്ലാ ദിവസവും ജനറൽ,ജില്ലാ,താലൂക്ക്,സി.എച്ച്.സി എന്നിവിടങ്ങളിൽ 18 വയസിന് മുകളിലുള്ളവർക്കായി വാക്സിനേഷൻ കേന്ദ്രം ഉണ്ടായിരിക്കും. എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും കുടുംബാരോഗ്യ കേന്ദ്രങ്ങളിലും തിങ്കൾ, വ്യാഴം ദിവസങ്ങളിൽ സൗകര്യമുണ്ടാകും.
'വാക്സിനേഷൻ ഫലപ്രദമായി നടക്കാനാണ് ആക്‌ഷൻ പ്ലാൻ തയ്യാറാക്കിയത്. കുട്ടികൾക്കും മുതിർന്നവർക്കും പ്രത്യേക വാക്സിനേഷൻ ടീമിനെ തയ്യാറാക്കും.'
- വീണാ ജോർജ്,
ആരോഗ്യ മന്ത്രി