
തിരുവനന്തപുരം: ആരെങ്കിലും ഉച്ചയുറക്കത്തിൽ പകൽക്കിനാവ് കണ്ട് അവതരിപ്പിക്കുന്ന പദ്ധതിയല്ല സിൽവർ ലൈനെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. പ്രകടനപത്രികയിലൂടെ ജനങ്ങളുടെ അംഗീകാരം നേടിയെടുത്ത പദ്ധതിയാണെന്നും സി.പി.എം മുഖപത്രത്തിലെഴുതിയ ലേഖനത്തിൽ കോടിയേരി പറഞ്ഞു.
ലൈഫ് പദ്ധതിയെ പൊളിക്കാനും സൗജന്യ കിറ്റിനെ അവഹേളിക്കാനുമിറങ്ങി കൈ പൊള്ളിയ പ്രതിപക്ഷം സിൽവർലൈനിന്റെ പേരിൽ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് സർക്കാരിനെ ഒറ്റപ്പെടുത്താനും പ്രതിസന്ധിയിലാക്കാനും ഗൂഢപ്രവർത്തനങ്ങളും പ്രചാരണങ്ങളും നടത്തുകയാണ്.
ഇം.എം.എസ് സർക്കാരിനെ വീഴ്‌ത്താൻ വിമോചനസമരം നടത്തിയ മാതൃകയിൽ കോൺഗ്രസ് മുതൽ ബി.ജെ.പി വരെയും ആർ.എസ്.എസ് മുതൽ ജമാ അത്തെ ഇസ്ലാമി വരെയും കൈകോർക്കുകയാണ്. ഈ രാഷ്ട്രീയ കൂട്ടുകെട്ടിനെ പരാജയപ്പെടുത്താൻ കേരള ജനത രംഗത്തിറക്കണം. ഇക്കാര്യത്തിൽ പ്രത്യേക ക്യാമ്പയിൻ സർക്കാരിനൊപ്പം സി.പി.എമ്മും നടത്തും.
സിൽവർ ലൈൻ വന്നാൽ എൽ.ഡി.എഫ് സർക്കാരിന്റെ ഭരണകാലത്ത് ജനങ്ങൾക്ക് സംസ്ഥാനത്തിന്റെ ഒരറ്റത്ത് നിന്ന് മറ്റൊരറ്റത്തേക്കെത്താനാകും. അത് ഭാവിയിൽ യു.ഡി.എഫ് - ബി.ജെ.പി ബഹുജനാടിത്തറയിൽ ചോർച്ചയുണ്ടാക്കുമെന്ന ആശങ്കയാണ് വി.ഡി. സതീശൻ ഉൾപ്പെടെയുള്ളവരെ സർക്കാർവിരുദ്ധ സമരത്തിന് പ്രേരിപ്പിക്കുന്നത്. കേന്ദ്രം യു.പിയിലുൾപ്പെടെ നടപ്പാക്കുന്ന അതിവേഗ റെയിൽ പദ്ധതികൾക്കെതിരെ രാഹുലോ പ്രിയങ്കയോ കോൺഗ്രസ് നേതാക്കളോ ഒരു സത്യഗ്രഹവും നടത്തുന്നില്ലെന്നും കോടിയേരി ആരോപിച്ചു.
സർക്കാരിന് കോർപ്പറേറ്റ് ആഭിമുഖ്യം തലയ്ക്കു പിടിച്ചു: വി.ഡി. സതീശൻ
സിൽവർ ലൈൻ തിടുക്കപ്പെട്ട് നടപ്പാക്കാൻ ശ്രമിക്കുന്ന സർക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനും കോർപ്പറേറ്റ് താത്പര്യം തലയ്ക്ക് പിടിച്ചിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. ഇത് പുരോഗമന സർക്കാരല്ല. തീവ്ര വലതുപക്ഷത്തേക്കുള്ള നിലപാടിന്റെ വ്യതിയാനമാണ് സിൽവർ ലൈനിലൂടെ വ്യക്തമാകുന്നതെന്നും സതീശൻ മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു.
പദ്ധതിയുമായി ബന്ധപ്പെട്ട് യു.ഡി.എഫ് ആറ് ചോദ്യങ്ങൾ ഉന്നിയിച്ചിട്ടുണ്ട്. അതിന് മറുപടി തരാൻ സർക്കാരോ മന്ത്രിമാരോ പാർട്ടിയോ തയ്യാറായിട്ടില്ല. പകരം പദ്ധതിയിൽ വർഗ്ഗീയത കൊണ്ടുവരാനാണ് ശ്രമം. പദ്ധതിക്കെന്നു പറഞ്ഞ് ഭൂമി ഏറ്റെടുത്തിട്ട് വേണം അതുവച്ച് സർക്കാരിന് കച്ചവടം നടത്താൻ. അതാണ് അനാവശ്യ ധൃതിയെന്ന് പ്രതിപക്ഷം പറയുന്നത്. കോടികൾ കൊള്ളയടിക്കുന്ന എല്ലാ അഴിമതിക്കും പിറകിലുള്ള അനാവശ്യധൃതി ഇതിലുമുണ്ട്.
ധാർഷ്ട്യം കൊണ്ട് മുന്നോട്ട് പോകാനാണ് ശ്രമമെങ്കിൽ അതിനെ ജനാധിപത്യ മാർഗ്ഗത്തിലൂടെ ചെറുക്കും. അശാസ്ത്രീയവും അപ്രായോഗികവുമാണെന്ന് കണ്ട് യു.ഡി.എഫ് ഉപേക്ഷിച്ച പദ്ധതിയാണിതെന്നും സതീശൻ ചൂണ്ടിക്കാട്ടി.
സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ലേഖനം അദ്ദേഹത്തിന്റെ നിസ്സഹയാവസ്ഥയാണ് വ്യക്തമാക്കുന്നത്. അദ്ദേഹത്തിനും ഈ പദ്ധതിയെന്താണെന്നോ ഡി.പി.ആർ എന്താണെന്നോ അറിയില്ലെന്നും സതീശൻ കൂട്ടിച്ചേർത്തു.