തിരുവനന്തപുരം: ദുർവ്യയം ഒഴിവാക്കിയും, കുറഞ്ഞ ചെലവിൽ വൈദ്യുതി വാങ്ങിയും ഈവർഷം തന്നെ കെ.എസ്.ഇ.ബിയെ പ്രവർത്തന ലാഭത്തിൽ എത്തിക്കുമെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി പറഞ്ഞു. പുതുവത്സരത്തോടനുബന്ധിച്ച് കെ.എസ്.ഇ.ബി ജീവനക്കാരുടെ ഓൺലൈൻ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. 2022 തൊഴിലാളി ക്ഷേമത്തിന്റെയും സുരക്ഷയുടെയും വർഷമായി ആചരിക്കും. ജോലിക്കിടെ മരിച്ച ജീവനക്കാർക്ക് വൈദ്യുതി ബോർഡ് ആസ്ഥാനത്ത് സ്മാരകം നിർമ്മിക്കും. ആശ്രിത നിയമനം വേഗത്തിലാക്കും.
'സേവനം വാതിൽപ്പടിയിൽ" പദ്ധതിയിലൂടെ ഉപഭോക്താക്കളെ ഓഫീസിൽ വരുത്താതെയും രേഖകളുടെ അസൽ പതിപ്പ് ഡിജിറ്റൽ രൂപത്തിൽ സ്വീകരിച്ചും മെച്ചപ്പെട്ട സേവന അന്തരീക്ഷം സൃഷ്ടിക്കണം. ഇടുക്കി ജല വൈദ്യുത പദ്ധതിയുടെ രണ്ടാം നിലയത്തിന്റെ നിർമ്മാണം 2023ൽ ആരംഭിക്കും. ജനകീയ ഹരിത ഊർജ്ജ മിഷനിലൂടെ 3000 മെഗാവാട്ട് സൗരോർജ്ജം ഉത്പാദിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.