
കോവളം: വർഷങ്ങളുടെ കാത്തിരിപ്പിന് വിരാമമിട്ട് വെള്ളായണി കായലിന് കുറുകെയുള്ള പാലത്തിന് സർക്കാരിന്റെ പച്ചക്കൊടി. വെള്ളയാണി - കാക്കാമൂല ബണ്ട് റോഡ് മാറ്റി പാലം നിർമ്മിക്കുന്നതിന് ടെൻഡർ വിളിക്കാൻ നടപടിയായി. പാലം നിർമ്മാണത്തിന് സാങ്കേതികാനുമതി ലഭിക്കുകയും അടുത്തിടെ ഫണ്ട് റിവിഷൻ വരികയും ചെയ്തിരുന്നു. പുതുക്കിയ തുക റിവിഷൻ അനുസരിച്ച് 28 കോടിയുടെ സാങ്കേതികാനുമതി ലഭിച്ചിരുന്നു. ഉടൻ തന്നെ ടെൻഡർ നടപടി പൂർത്തീകരിച്ച് പുതുവർഷത്തിൽ പാലം നിർമ്മാണം ആരംഭിക്കാൻ കഴിയുമെന്ന് എം. വിൻസെന്റ് എം.എൽ.എ പറഞ്ഞു.
കല്ലിയൂർ പഞ്ചായത്തിൽ കാർഷിക കോളേജ് കാക്കാമൂല റോഡിനെ തമ്മിൽ ബന്ധിപ്പിക്കുന്ന ജില്ലയിലെ പ്രധാന പാലമാണ് കിഫ്ബിയുടെ ഫണ്ട് വിനിയോഗിച്ച് സർക്കാർ നിർമ്മിക്കുന്നത്. പാലം വരുന്നതോടെ ഈ പ്രശ്നങ്ങൾക്ക് അറുതിയാകും. വെള്ളായണി കായലിന് കുറുകെ കാക്കാമൂലയിൽ നിന്ന് കാർഷിക കോളേജ് ഭാഗത്തേക്കുള്ള മേൽപ്പാലം നിർമിക്കുന്നതിന് ആദ്യം 24.33 കോടി രൂപയുടെ ഭരണാനുമതിയും ധനകാര്യ അനുമതിയും ലഭിച്ചിട്ട് വർഷം രണ്ടര കഴിഞ്ഞിട്ടും നിർമ്മാണം ആരംഭിക്കാൻ സർക്കാരിന് കഴിയാത്തതിൽ നാട്ടുകാർക്കിടയിൽ കടുത്ത പ്രതിഷേധം ഉയർന്നിരുന്നു. നിലവിൽ കായലിൽ മണ്ണിട്ട് നികത്തി കായലിനെ രണ്ടായി മുറിച്ച് നിർമ്മിച്ചിരിക്കുന്ന ബണ്ട് റോഡിലൂടെയാണ് വാഹനങ്ങൾ കടന്നുപോകുന്നത്. മഴക്കാലത്ത് കായലിൽ ജലനിരപ്പ് ഉയരുമ്പോൾ റോഡിലേക്ക് വെള്ളം കയറുന്നത് ഗതാഗത തടസത്തിനും അപകടങ്ങൾക്കും കാരണമാകുന്നുണ്ട്.
സഞ്ചാരികൾക്ക് നുകരാം കായൽസൗന്ദര്യം
ബണ്ട് റോഡ് കായലിന്റെ സ്വാഭാവിക പരിസ്ഥിതിക്ക് ആഘാതമാകുമെന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് പാലം നിർമിക്കുന്നത്. 2017- 18 ലെ ബഡ്ജറ്റിൽ ഇതിന്റെ പ്രഖ്യാപനം നടന്നെങ്കിലും മണ്ണ് പരിശോധന ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാനും വൈകിയിരുന്നു. നിർമ്മാണം പൂർത്തിയാകുന്നതോടെ രൂപകല്പനയിൽ ജില്ലയിലെ തന്നെ മികച്ച പാലങ്ങളിൽ ഒന്നായി ഇതുമാറുമെന്ന് അധികൃതർ പറയുന്നു. കായൽസൗന്ദര്യം ചോർന്നുപോകാതെ സഞ്ചാരികളെക്കൂടി ആകർഷിക്കുന്ന തരത്തിലാണ് ഇതിന്റെ രൂപകല്പന.
പാലം വന്നാൽ...
249 മീറ്റർ നീളത്തിലും 14 മീറ്റർ വീതിയിലുമാണ് പാലം നിർമിക്കുന്നത്. പാലത്തിന് ഇരുവശവും കാൽനട യാത്രക്കാർക്ക് ഫുട്പാത്തും കായൽ മത്സ്യത്തൊഴിലാളികൾക്ക് ഫിഷിംഗ് പ്ലാറ്റ്‌ഫോമും സഞ്ചാരികൾക്ക് കായലിലേക്ക് ഇറങ്ങുന്നതിന് പടികളും പാലത്തോട് ചേർത്തു നിർമ്മിക്കുന്നതിനാണ് പദ്ധതി. പൂങ്കുളം, കാക്കാമൂല ഭാഗത്തേക്ക് 60 മീറ്റർ വീതം അപ്രോച്ച് റോഡും ഉൾപ്പെടുത്തിയിട്ടുണ്ട്.