1

തിരുവനന്തപുരം: തലസ്ഥാനത്തെ ആദ്യ വനിതാ ജില്ലാപൊലീസ് മേധാവിയായി ഡോ.ദിവ്യ വി. ഗോപിനാഥ് ചുമതലയേറ്റു. ഇൻഫർമേഷൻ കമ്മ്യൂണിക്കേഷൻ ആൻഡ് ടെക്‌നോളജി (ഐ.സി.ടി) സൂപ്രണ്ട് സ്ഥാനത്ത് നിന്നാണ് പുതിയ നിയമനം. തലസ്ഥാനത്ത് ഗുണ്ടാവിളയാട്ടം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ അത് അമർച്ചചെയ്യുക എന്നതായിരിക്കും ഡോ.ദിവ്യ വി. ഗോപിനാഥിന്റെ ആദ്യ ലക്ഷ്യം. അതിന് പ്രാപ്തിയുള്ള ഉദ്യോഗസ്ഥയെയാണ് ജില്ലയ്ക്ക് കിട്ടയതെന്നാണ് വിലയിരുത്തൽ. കടയ്ക്കാവൂർ പോക്സോ കേസിലെ സത്യാവസ്ഥ പുറത്തുകൊണ്ടുവന്നത് ഡോ.ദിവ്യയുടെ അന്വേഷണമികവിന്റെ ഒരേടാണ്. കൂടത്തായി കേസ് അന്വേഷിച്ച സംഘത്തിലെ ഐ.ടി സെൽ എസ്.പിയായും പ്രവർത്തിച്ചിട്ടുണ്ട്.

നിയമലംഘനം നടത്തിയ കർണ്ണാടക മന്ത്രിയുമായി കൊമ്പുകോർത്തതിലൂടെ ക്രമസമാധാന പാലനത്തിൽ തെല്ലും വിട്ടുവീഴ്ചയില്ലെന്ന് തെളിയിച്ചയാളാണ് തിരുവനന്തപുരം സ്വദേശിയായ ദിവ്യ. എം.ബി.ബി.എസ് കഴിഞ്ഞശേഷം 2010ൽ ആദ്യ പരിശ്രമത്തിൽ തന്നെ ഐ.പി.എസ് നേടി. കർണ്ണാടക കേഡറിൽ ജോലി ലഭിച്ച ദിവ്യ ചിക്ക്ബല്ലപൂരിലാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. തുമഗുരു സിദ്ധ ഗംഗാശ്രമത്തിൽ സ്വാമി ശിവകുമാറിന്റെ സംസ്കാര ചടങ്ങുകൾക്കിടെ ഗാർഡ് ഒഫ് ഓണർ നൽകുമ്പോൾ നിയന്ത്രണം തെറ്റിച്ച് അവിടേക്കെത്തിയ ടൂറിസം മന്ത്രി മഹേഷിന്റെ വാഹനം കടത്തിവിടാൻ തയ്യാറാകാതിരുന്ന സംഭവത്തോടെയാണ് ദിവ്യ വി. ഗോപിനാഥ് ദേശീയ ശ്രദ്ധയിലേക്കെത്തുന്നത്.

ക്ഷുഭിതനായി കാറിൽ നിന്നിറങ്ങിയ മന്ത്രി ആക്രോശിച്ചെങ്കിലും താൻ ചെയ്തതാണ് ശരിയെന്ന നിലപാടിലായിരുന്നു ദിവ്യ. കഴിഞ്ഞ ആഗസ്റ്റിലാണ് കേന്ദ്ര ഡെപ്യൂട്ടേഷനിൽ കേരളത്തിലെത്തിയത്. ഐ.ടി സെൽ എസ്.പിയായി പ്രവർത്തിക്കുന്നതിനിടെയാണ് കൂടത്തായി കേസിലെ അന്വേഷണത്തിൽ പങ്കാളിയാകുന്നത്. ഇതിന് ശേഷം തിരുവനന്തപുരം ഡി.സി.പിയായി ചുമതലയേറ്റു. കൊവിഡ് സൂപ്പർ സ്പ്രെഡ് മേഖലയായി പ്രഖ്യാപിച്ച പൂന്തുറയിൽ ജനങ്ങൾ നിയമംലംഘിച്ച് തടിച്ചുകൂടിയ അസാധാരണ സാഹചര്യത്തെ നിയന്ത്രിച്ച് വലിയൊരു വിപത്തിൽ നിന്ന് രക്ഷിച്ചത് അന്ന് ഡി.സി.പിയായിരുന്ന ഡോ. ദിവ്യയായിരുന്നു. ജനിച്ചത് കൊല്ലത്താണെങ്കിലും വർഷങ്ങളായി തിരുവനന്തപുരത്താണ് താമസം. അതുകൊണ്ടുതന്നെ തലസ്ഥാന ജില്ലയെ നല്ല രീതിയിൽ അറിയാവുന്ന ഡോ.ദിവ്യ വി. ഗോപിനാഥിന്റെ കൈകളിൽ ജില്ലയുടെ ക്രമസമാധാനം ഭദ്രമായിരിക്കും.