cp

തിരുവനന്തപുരം: ഗുണ്ടാസംഘങ്ങളെ ഒതുക്കി ഗുണ്ടകളുടെ തലസ്ഥാനമെന്ന നഗരത്തിന്റെ കുപ്രസിദ്ധി മാറ്റുകയാണ് സിറ്രി പൊലീസ് കമ്മിഷണറായുള്ള രണ്ടാമൂഴത്തിൽ ഐ.ജി ജി. സ്പർജ്ജൻകുമാറിന്റെ ലക്ഷ്യം. ഗുണ്ടാലിസ്റ്റ് പുതുക്കുകയും സ്ഥിരം കുറ്റവാളികൾക്കെതിരെ ഗുണ്ടാനിയമം (കാപ്പ) ചുമത്തുന്ന നടപടികൾ ത്വരിതപ്പെടുത്തുകയും ചെയ്യുമെന്ന് കമ്മിഷണർ കേരളകൗമുദിയോട് പറഞ്ഞു. സംഘടിത കുറ്റകൃത്യങ്ങൾ അമർച്ച ചെയ്യാനും തടയാനും പ്രത്യേക സംവിധാനമുണ്ടാക്കും. പഴുതടച്ച ക്രമസമാധാന പാലനത്തിലൂടെ നഗരവാസികളുടെ ജീവിതം സമാധാനപൂർണമാക്കുമെന്നും കമ്മിഷണർ പറഞ്ഞു. എ.ഡി.ജി.പിയായി സ്ഥാനക്കയറ്റം ലഭിച്ച ബൽറാം കുമാർ ഉപാദ്ധ്യായയിൽ നിന്ന് ഇന്നലെ സ്പർജ്ജൻകുമാർ ചുമതലയേറ്റു.

ഗുണ്ടകളെ കരുതൽ തടങ്കലിലാക്കാനും സ്ഥിരം കുറ്റവാളികളെ നിരീക്ഷിക്കാനും വേഗത്തിൽ നടപടിയുണ്ടാവും. 12ഗുണ്ടകൾക്ക് മേൽ കാപ്പ ചുമത്താനുള്ള ശുപാർശയിൽ കളക്ടർ തീരുമാനമെടുത്തിട്ടില്ല. ഇതിനുള്ള നടപടികൾ ത്വരിതപ്പെടുത്തും. നഗരത്തിലെ മാഫിയ-ഗുണ്ടാ സംഘങ്ങളെക്കുറിച്ച് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ടുകൾ പരിശോധിച്ച് നടപടിയെടുക്കും. വാറണ്ടുകൾ നടപ്പാക്കുന്നതിലും ശ്രദ്ധയുണ്ടാവും. ഗുണ്ടാലിസ്റ്റിൽ പെട്ട ശേഷം ഒളിവിൽ കഴിയുന്നവരെ പിടികൂടും. കേസന്വേഷണങ്ങൾ വേഗത്തിലാക്കും. മോഷണം, പിടിച്ചുപറി എന്നിവ തടഞ്ഞും സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങൾ തടഞ്ഞും നഗരം സുരക്ഷിതമാക്കും. നഗരത്തിലെ മിക്ക റോഡുകളിലും സ്മാർട് സിറ്റിയുടെ ഭാഗമായുള്ള അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ പാർക്കിംഗിനടക്കം നിയന്ത്രണമേർപ്പെടുത്തും. ഇക്കാര്യം ചർച്ചചെയ്യാൻ ഇന്ന് യോഗം വിളിച്ചിട്ടുണ്ട്. ജനങ്ങൾക്ക് നേരിട്ട് പരാതി പറയാനും കാര്യങ്ങൾ അറിയിക്കാനും സംവിധാനമൊരുക്കും. ക്രമസമാധാനം, കേസന്വേഷണം, കമ്മ്യൂണിറ്റി പൊലീസിംഗ്, ഗതാഗതനിയന്ത്രണം എന്നീ നാലുമേഖലകളിലും ഒരുപോലെ ശ്രദ്ധയുണ്ടാവും. കുട്ടികളുടെ ലഹരി ഉപയോഗം തടയാൻ പദ്ധതികളുണ്ടാവും. റസിഡന്റ്സ് അസോസിയേഷനുകളുമായി പൊലീസ് യോജിച്ച് പ്രവർത്തിക്കുമെന്നും കമ്മിഷണർ പറഞ്ഞു.

ആദ്യ ഊഴം 2015ൽ

തെലങ്കാനയിലെ ഗുണ്ടൂർ സ്വദേശിയായ സ്പർജ്ജൻകുമാർ 2015ഡിസംബർ മുതൽ 2017ആഗസ്റ്റ് വരെ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണറായിരുന്നു. ഗുണ്ടൂർ ബാപറ്റ്‌ലയിലെ കാർഷിക കോളേജിൽ കൃഷിശാസ്ത്രത്തിൽ ബി.എസ്‌സിയും എം.എസ്‌സിയും നേടിയ ശേഷമാണ് ഐ.പി.എസിലെത്തിയത്. കോഴിക്കോട് കമ്മിഷണറായിരിക്കേ റസിഡന്റ്സ് അസോസിയേഷനുകളുമായി ചേർന്നുള്ള കമ്മ്യൂണിറ്റി പൊലീസിംഗ് സംവിധാനം വ്യാപിപ്പിച്ചത് സ്പർജ്ജനായിരുന്നു.

മികച്ച കായിക പ്രേമിയും

മികച്ച സ്പോർട്സ് പ്രേമിയും സംഘാടകനുമാണ് സ്പർജ്ജൻകുമാർ. കേരള സോഫ്‌റ്റ്ബാൾ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റായിരുന്നു. കോഴിക്കോട് കമ്മിഷണറായിരിക്കുമ്പോഴാണ് കായികസംഘടനകളുമായി ഇദ്ദേഹം അടുത്തത്. തിരുനെൽവേലി സ്വദേശി ഡോക്ടർ എസ്. സിന്ധ്യയാണ് ഭാര്യ. ക്രൈസ്റ്റ് നഗർ സ്കൂളിൽ എട്ടാം ക്ലാസിൽ പഠിക്കുന്ന സാമുവേൽ ജോ, നാലാം ക്ലാസുകാരി ശ്രേഷ്ഠ എന്നിവരാണ് മക്കൾ.

"ജനങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കാനും കുറ്റകൃത്യങ്ങൾ തടയാനുമുള്ള നടപടികളുണ്ടാവും. നഗരവാസികളുടെ സുരക്ഷിതത്വം ഉറപ്പാക്കാനും അവർക്ക് പൊലീസിനോടുള്ള വിശ്വാസം വളർത്താനുമാവും ശ്രമിക്കുക. മാഫിയകളെ ഒതുക്കി നഗരം ക്ലീനാക്കും."

-ജി.സ്പർജ്ജൻ കുമാർ

സിറ്റി പൊലീസ് കമ്മിഷണർ