
തിരുവനന്തപുരം: കണ്ണൂർ, കാലടി വി.സി നിയമന തർക്കങ്ങളിൽ നിന്നാരംഭിച്ച ഗവർണർ- സർക്കാർ നിഴൽ യുദ്ധം, രാഷ്ട്രപതിക്ക് ഓണററി ഡി-ലിറ്റ് നിഷേധിച്ചെന്ന ഗുരുതര ആരോപണത്തിന് വഴിമാറിയതോടെ
വിവാദം വഴിത്തിരിവിലേക്ക്.
രാജ്യത്തിന്റെ അന്തസ്സ് മാനിച്ച് പല കാര്യങ്ങളും വെളിപ്പെടുത്തുന്നില്ലെന്ന് ഗവർണർ പ്രതികരിച്ചതിന് പിന്നാലെയാണ് ,രാഷ്ട്രപതിക്ക് ഓണററി ഡി-ലിറ്റിന് ഗവർണർ ശുപാർശ ചെയ്തത് കേരള സർവകലാശാല നിരസിച്ചെന്നു ആപോപിച്ച് രമേശ് ചെന്നിത്തല രംഗത്തെത്തിയത്. രാഷ്ട്രപതിയെ കേരളം അപമാനിച്ചെന്നാരോപിച്ച് ബി.ജെ.പിയുമെത്തി.അതേസമയം, വി.സി നിയമനവുമായി ബന്ധപ്പെട്ട ഗവർണറുടെ വിവാദ വെളിപ്പെടുത്തലുകൾ ആയുധമാക്കി സർക്കാരിനെയും, ഉന്നത വിദ്യാഭ്യാസ മന്ത്രിയെയും പ്രതിക്കൂട്ടിലാക്കാൻ ശ്രമിക്കുന്നതിനിടിടെയുണ്ടായ ഡി-ലിറ്റ് വിവാദം രാഷ്ട്രീയ ശ്രദ്ധ വഴി തിരിച്ചുവിടുമോയെന്ന ആശങ്ക പ്രതിപക്ഷനേതാവ് വി.ഡി. സതീശന്റെ പ്രതികരണത്തിലുണ്ടായി. കണ്ണൂർ വി.സി കേസ് ഹൈക്കോടതി സിംഗിൾബെഞ്ച് തള്ളിക്കളഞ്ഞത് സർക്കാരിന് ആശ്വാസമായെങ്കിലും, അപ്പീൽ ഡിവിഷൻ ബെഞ്ചിലുണ്ട്. പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ കേസ് മുറുകുന്നതോടെ സർക്കാർ വെട്ടിലാകുമെന്ന് പ്രതിപക്ഷം കണക്കുകൂട്ടുന്നു.
ഗവർണറെ കടന്നാക്രമിച്ച സതീശൻ, ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ നോട്ടീസ് കൈപ്പറ്റാതിരുന്ന ഗവർണറുടെ കൗശലത്തെയും പരിഹസിച്ചു. സതീശൻ- ചെന്നിത്തല ശീതസമരത്തിന്റെ ബഹിർസ്ഫുരണമായി കാര്യങ്ങൾ വ്യാഖ്യാനിക്കപ്പെട്ടതോടെ കോൺഗ്രസിലെ അനൈക്യമെന്ന നിലയിലും വിഷയം ചർച്ചയായി.
സർക്കാരിനെ വെട്ടിലാക്കാൻ ചെന്നിത്തല ഉയർത്തിയ ഡി-ലിറ്റ് വിവാദം ബി.ജെ.പി ഏറ്റെടുത്തതോടെയാണ് മറ്റൊരു ദിശയിലേക്ക് വഴി മാറിയത്.
ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ നോട്ടീസിൽ മറുപടി നൽകുമ്പോൾ ഗവർണർക്ക് ഇപ്പോഴത്തെ നിലപാടനുസരിച്ച് സർക്കാരിനെ തള്ളിപ്പറയേണ്ടി വരും. അതദ്ദേഹം സിംഗിൾ ബെഞ്ചിന് കൊടുത്ത മറുപടിക്ക് കടക വിരുദ്ധമാകും. കോടതിയിൽ രണ്ടുതരം നിലപാടെടുത്ത് പരിഹാസ്യനാകുന്ന ഗവർണറെയും സർക്കാരിനെയും ഒരുപോലെ വെട്ടിലാക്കാനുള്ള തന്ത്രമാണ് സതീശൻ പയറ്റുന്നത്. ഗവർണറുടെ ആരോപണങ്ങളെ അവഗണിച്ച് തള്ളാനാണ് സി.പി.എമ്മിന്റെയും സർക്കാരിന്റെയും തീരുമാനം.
മുഖ്യമന്ത്രി മിണ്ടണമെന്ന് വി. മുരളീധരൻ
രാഷ്ട്രപതിക്ക് ഡി ലിറ്റ് നിഷേധിച്ച സംഭവത്തിൽ, മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി പറയണമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ തൃശൂരിൽ മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു. രാജ്യത്തിന്റെ അന്തസിന് കളങ്കം വരുത്തുന്ന നടപടിയാണ് സംസ്ഥാന സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നത്. രാഷ്ട്രപതിക്ക് ഓണററി ഡി ലിറ്റ് നിഷേധിക്കാനുള്ള അയോഗ്യത എന്താണെന്ന് മുഖ്യമന്ത്രി പറയണം. ഉന്നതവിദ്യാഭ്യാസ മന്ത്രിയെ ബലിയാടാക്കേണ്ട കാര്യമില്ല. രാഷ്ട്രപതിക്ക് ഡിലിറ്റ് നൽകരുതെന്നുള്ള നിർദേശം സർക്കാർ നൽകിയോ ?. പുറത്തുവന്നിട്ടുള്ള വാർത്ത രാജ്ഭവൻ നിഷേധിച്ചിട്ടില്ലെന്നത് വാർത്ത ശരിയാണെന്ന സൂചന നൽകുന്നു. സർക്കാർ രാഷ്ട്രപതിയെ അപമാനിക്കുകയാണ്.
ക്രമവിരുദ്ധമായി പ്രവർത്തിക്കാൻ ഗവർണർക്ക് മേൽ സർക്കാർ സമ്മർദം ചെലുത്തുന്നു. പ്രതിപക്ഷ നേതാവിന്റെ നാവ് സർക്കാരിന് കടം കൊടുത്തിരിക്കുകയാണ്. ഇനിയെങ്കിലും സർക്കാരിന്റെ ചട്ടവിരുദ്ധ നടപടികളെ എതിർക്കാൻ വി.ഡി. സതീശൻ തയ്യാറാകണം.