തിരുവനന്തപുരം: സ്ത്രീപദവി ഉയർത്തുന്നതിനും സ്ത്രീകൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെ സമൂഹത്തിന്റെ ശ്രദ്ധയിൽക്കൊണ്ടുവരുന്നതിനും ഉതകുന്ന മാദ്ധ്യമപ്രവർത്തനത്തിന് കേരള വനിതാ കമ്മിഷൻ മാദ്ധ്യമ പുരസ്‌കാരം നൽകുന്നു. മികച്ച റിപ്പോർട്ട് (മലയാളം) അച്ചടി മാദ്ധ്യമ, മികച്ച ഫീച്ചർ (മലയാളം) അച്ചടി മാദ്ധ്യമ, മികച്ച റിപ്പോർട്ട് (മലയാളം) ദൃശ്യമാദ്ധ്യമ, മികച്ച ഫീച്ചർ (മലയാളം) ദൃശ്യമാദ്ധ്യമം, മികച്ച ഫോട്ടോഗ്രഫി, മികച്ച വീഡിയോഗ്രഫി എന്നിങ്ങനെ ആറ് വിഭാഗങ്ങളിലായാണ് പുരസ്‌കാരം. ഫോട്ടോഗ്രഫി, വീഡിയോഗ്രഫി വിഭാഗങ്ങളിൽ ഇംഗ്ലീഷ് മാദ്ധ്യമങ്ങളിലുള്ളവർക്കും അപേക്ഷിക്കാം. 2021 ജനുവരി ഒന്നു മുതൽ ഡിസംബർ 31 വരെ പത്രങ്ങൾ/ആനുകാലികങ്ങൾ, ടെലിവിഷൻ ചാനലുകൾ എന്നിവയിൽ പ്രസിദ്ധീകരിച്ചതോ സംപ്രേഷണം ചെയ്തതോ ആയ റിപ്പോർട്ടുകൾ, ഫീച്ചറുകൾ, ഫോട്ടോകൾ, വീഡിയോകൾ എന്നിവ അവാർഡിനായി അയക്കാം. പ്രസിദ്ധീകരിച്ച റിപ്പോർട്ട്/ഫീച്ചർ/ഫോട്ടോ എന്നിവയുടെ അച്ചടിച്ച ഒരു അസൽ കോപ്പിയും നാല് പകർപ്പുകളും ഉള്ളടക്കം ചെയ്തിരിക്കണം. ഒരാൾക്ക് ഒരു വിഭാഗത്തിൽ ഒരു എൻട്രിയേ അയയ്ക്കാൻ സാധിക്കൂ. കൂടുതൽ എൻട്രികൾ അയയ്ക്കുന്നത് അയോഗ്യതയായി കണക്കാക്കും. വീഡിയോകൾ ഡി.വി.ഡി/പെൻഡ്രൈവ് ആയി നൽകണം. എൻട്രികൾ അതത് മാദ്ധ്യമ സ്ഥാപനങ്ങളിലെ എക്സിക്യുട്ടിവ് എഡിറ്റർ റാങ്കിൽ കുറയാത്ത മേലധികാരി സാക്ഷ്യപ്പെടുത്തണം. ജനുവരി 20നകം മെമ്പർ സെക്രട്ടറി, കേരള വനിതാ കമ്മിഷൻ, പി.എം.ജി., പട്ടം പാലസ് പി.ഒ, തിരുവനന്തപുരം 695 004 എന്ന വിലാസത്തിൽ തപാലായി അയയ്ക്കണം. പ്രശസ്തി പത്രവും ഇരുപതിനായിരം രൂപയും അടങ്ങുന്നതാണ് പുരസ്‌കാരം അന്താരാഷ്ട്ര വനിതാ ദിനാചരണവുമായി ബന്ധപ്പെട്ട ചടങ്ങിൽ നൽകും.