navya

തിരുവനന്തപുരം: സിനിമാക്കഥകളെ വെല്ലുന്ന തന്റെ ജീവിതം പുസ്തകരൂപത്തിലാക്കി ഒൻപതാം ക്ലാസുകാരി. തിരുവനന്തപുരം ആർ.കെ.ഡി.എൻ.എസ്.എസ് ഹൈസ്‌കൂളിലെ വിദ്യാർത്ഥിനിയായ നവ്യ ഭാസ്കറാണ് പെട്ടെന്നൊരുദിവസം തന്റെ ശബ്ദം കവർന്നെടുത്ത അസുഖവും തുടർന്നുള്ള ജീവിതവും പുസ്തകമാക്കിയത്.

കൊവിഡ് മഹാമാരിക്കാലത്തെ ഒരു പ്രഭാതത്തിൽ ഉണർന്നെഴുന്നേറ്റ നവ്യയ്ക്ക് തന്റെ ശബ്ദം നഷ്ടപ്പെട്ടിരുന്നു. മാതാപിതാക്കളായ കാഞ്ഞങ്ങാട് കിഴക്കുംകര സ്വദേശി ഡോ. ഭാസ്കരനും ഡോ. വന്ദനയും അമ്പരന്നുപോയി. ഷാർജയിൽ താമസിക്കുകയായിരുന്ന ഇവർ മകളെ നല്ലൊരു ഡോക്ടറെ കാണിച്ചു. പരിശോധനയിൽ വോക്കൽ കോഡിനെ ബാധിക്കുന്ന ഒരുതരം അണുബാധയാണ് നവ്യയുടെ ശബ്ദം നഷ്ടപ്പെടാൻ ഇടയാക്കിയതെന്ന് കണ്ടെത്തി. ഒരു വർഷത്തോളം നവ്യ ശബ്ദമില്ലാതെ ജീവിച്ചു. എന്നാൽ, കൃത്യമായ ചികിത്സയിലൂടെ നവ്യയ്ക്ക് സംസാരശേഷി തിരിച്ചുകിട്ടി.

ഒരു വർഷക്കാലം മൂകായാകേണ്ടിവന്ന സമയത്തെ നവ്യ അക്ഷരങ്ങളിലൂടെ അനുഭവവേദ്യമാക്കിയപ്പോഴാണ് ദി ഡേ ഐ ഓൾമോസ്റ്റ് ലോസ്റ്റ് മൈ വോയ്സ് എന്ന പുസ്തകം പിറന്നത്. സംഗീതം ജീവവായുവായ ഒരു പെൺകുട്ടിക്ക് ശബ്ദം ഇല്ലാതാകുകയും പിന്നീട് ശബ്ദം തിരിച്ചുകിട്ടി അവൾ സംഗീതലോകത്തേക്ക് മടങ്ങിയെത്തുന്നതുമാണ് ചിത്രങ്ങളുടെ അകമ്പടിയോടെ കുട്ടികൾക്ക് വേണ്ടി ഒരുക്കിയ പുസ്തകത്തിന്റെ ഇതിവൃത്തം. കഴിഞ്ഞ ദിവസം രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നവ്യയുടെ പുസ്തകം പ്രകാശനം ചെയ്തു.

ഈ പുസ്തകം ഷാർജ രാജ്യാന്തര പുസ്തകമേളയിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് നവ്യ. ചെറുപ്പം മുതൽക്കേ കർണാടക സംഗീതവും പാശ്ചാത്യസംഗീതവും അഭ്യസിച്ചിട്ടുള്ള നവ്യ 2019ലെ യു.എ.ഇ. മ്യൂസിക് റിയാലിറ്റി ഷോയിൽ ജേതാവായിരുന്നു. ഇതേവർഷം അമേരിക്കയിൽ നടന്ന മത്സരത്തിൽ മൂന്നാംസ്ഥാനവും നേടി. നവ്യയുടെ കൊവിഡ് 19 എന്ന കവിത യൂണിസെഫിന്റെ വോയ്സ് ഒഫ് യൂത്ത് എന്ന പേരിൽ പ്രസിദ്ധീകരിച്ചിരുന്നു.