
തിരുവനന്തപുരം: തലസ്ഥാന നഗരത്തെ കൈവെള്ളയിലെന്ന പോലെ അടുത്തറിയുന്നയാളാണ് പുതിയ ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ അങ്കിത് അശോകൻ (32). കൊല്ലം അഞ്ചൽ സ്വദേശിയായ അങ്കിത്, എൻജിനിയറിംഗ് ബിരുദം നേടിയ ശേഷം രണ്ടുവർഷം യു.എസ്.ടി ഗ്ലോബലിൽ ജോലി ചെയ്തിരുന്നു. 2017ൽ 448-ാം റാങ്ക് നേടിയാണ് സിവിൽ സർവീസിലെത്തിയത്. പ്രാഥമിക വിദ്യാഭ്യാസം ഡൽഹിയിലും തുടർന്നുള്ള പഠനം കൊട്ടാരക്കര നവോദയ സ്‌കൂളിലുമായിരുന്നു. ഇടുക്കി ഗവ. എൻജിനിയറിംഗ് കോളേജിൽ ഇൻഫർമേഷൻ ടെക്നോളജിയിലായിരുന്നു പഠനം. പിന്നീടാണ് യു.എസ്.ടി ഗ്ലോബലിൽ സോഫ്‌റ്റ്‌വെയർ എൻജിനിയറായത്. പിന്നീട് സി.ആർ.പി.എഫിൽ അസി.കമാൻഡന്റായി ജോലി ലഭിച്ചെങ്കിലും വേണ്ടെന്നുവച്ച് സിവിൽ സർവീസ് പരിശീലനം നടത്തി. അഞ്ചൽ തടിക്കാട് മതുരപ്പ മാമൂട്ടിൽ വീട്ടിൽ അശോകന്റെയും ഷൈലജയുടെയും മൂത്ത മകനാണ് അങ്കിത്. കാർത്തികയാണ് ഭാര്യ. അനുജൻ അഭിജിത്ത്. നാദാപുരം എ.എസ്.പിയായി പ്രവർത്തിച്ചിട്ടുണ്ട്.