
തിരുവനന്തപുരം: സ്വീഡിഷ് പൗരൻ സ്റ്റീഫൻ ആസ്‌ബെർഗിനെ (68) അവഹേളിച്ച കോവളം ഗ്രേഡ് എസ്.ഐ എസ്. ഷാജിയെ
സസ്‌പെൻഡ് ചെയ്തത് മുഖ്യമന്ത്രി പിണറായി വിജയന്റെ അതൃപ്തിയെ തുടർന്ന്. എസ്.ഐയെ സംരക്ഷിക്കുന്ന നിലപാടായിരുന്നു സിറ്റി പൊലീസ് കമ്മിഷണറായിരുന്ന ബൽറാം കുമാർ ഉപാദ്ധ്യായയുടേത്. പൊലീസിന് വീഴ്ച സംഭവിച്ചിട്ടില്ലെന്നായിരുന്നു ഉപാദ്ധ്യായ സർക്കാരിനെ അറിയിച്ചത്. എന്നാൽ സി.പി.എം ജില്ലാ സമ്മേളന വേദിയിലായിരുന്ന മുഖ്യമന്ത്രി ഡി.ജി.പി അനിൽകാന്തിനെ ഫോണിൽ വിളിച്ച് അതൃപ്തി അറിയിച്ചതോടെയാണ് നടപടിയുണ്ടായത്.
ബിവറേജസ് ഔട്ട്‌ലെറ്റിൽ നിന്ന് വാങ്ങിയ മദ്യമാണ് കൈവശമുള്ളതെന്നറിഞ്ഞിട്ടും സ്റ്റീഫനെ തടഞ്ഞുവച്ചത് പൊലീസിന്റെ ഗുരുതര പിഴവാണെന്നാണ് പ്രാഥമിക കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ഷാജിക്കെതിരായ നടപടി. പൊലീസ് നടപടിക്കെതിരെ വകുപ്പുതല അന്വേഷണം നടത്താനും കൂടുതൽ പേർക്കു സംഭവത്തിൽ പങ്കണ്ടോയെന്നു കണ്ടെത്താൻ വിശദ അന്വേഷണം നടത്താനും മുഖ്യമന്ത്രി നിർദ്ദേശിക്കുകയായിരുന്നു.
വിശദമായ അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ കൂടുതൽ നടപടികൾ സ്വീകരിക്കുമെന്നു തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണറായി ഇന്നലെ ചുമതലയേറ്റ ജി. സ്‌പർജൻകുമാർ പറഞ്ഞു.