
തിരുവനന്തപുരം: സിൻഡിക്കേറ്റ് അംഗങ്ങളും പൊതുജനങ്ങളും സംഘടനകളും ഉൾപ്പെടെ ആർക്കുവേണമെങ്കിലും ഡി.ലിറ്റിന് ശുപാർശ ചെയ്യാൻ അവകാശമുണ്ടെന്ന് യൂണിവേഴ്സിറ്റി ചട്ടങ്ങളിൽ വ്യവസ്ഥ ചെയ്തിരിക്കുന്നതിനാൽ, ചാൻസലർ കൂടിയായ ഗവർണർക്ക് അതിന് അധികാരമില്ലെന്ന
പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ വാദം പൊളിഞ്ഞു.
ചാൻസലർ വാക്കാൽ നൽകുന്ന നിർദ്ദേശങ്ങളിലും ചട്ടപ്രകാരം തുടർനടപടികൾ സ്വീകരിക്കാൻ വൈസ് ചാൻസലർ ബാദ്ധ്യസ്ഥനാണ്.
രാഷ്ട്രപതി രാംനാഥ് കോവിന്ദിന് ഓണററി ഡോക്ടറേറ്റ് നൽകണമെന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നിർദേശം സിൻഡിക്കേറ്റിൽ അവതരിപ്പിക്കേണ്ടത് വി.സിയുടെ ചുമതലയാണ്. സിൻഡിക്കേറ്റ് അംഗീകാരിച്ചാൽ സെനറ്റിൽ അവതരിപ്പിക്കണം. മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ സെനറ്റും അംഗീകരിച്ചാൽ ചാൻസലറുടെ അനുമതിക്ക് അയയ്ക്കണം. ഇതാണ് നടപടിക്രമം.
ഗവർണറുടെ ശുപാർശ വി.സി സിൻഡിക്കേറ്റിൽ അവതരിപ്പിച്ചിട്ടില്ല. കഴിഞ്ഞമാസം നടന്ന സിൻഡിക്കേറ്റ് യോഗങ്ങളുടെ മിനുട്ടിസിലൊന്നും ഇക്കാര്യമില്ല. അവതരിപ്പിച്ചിരുന്നെങ്കിൽ, അംഗങ്ങളായ ആറ് ഗവ. സെക്രട്ടറിമാർക്ക് അഭിപ്രായം പറയേണ്ടിവരുമായിരുന്നു. രാഷ്ട്രപതിക്കെതിരെ അവർക്ക് നിലപാടെടുക്കാനാവില്ല.
ഇതറിയാവുന്നതുകൊണ്ടാണ്,
ഇടത് സിൻഡിക്കേറ്റംഗങ്ങളുടെ താത്പര്യപ്രകാരം മുഖ്യമന്ത്രിയുടെ ഓഫീസിനോട് അഭിപ്രായം തേടിയതെന്നാണ് സൂചന. കൂടുതൽ വെളിപ്പെടുത്തലുകൾ ഗവർണർ നടത്തുമെന്നാണ് സൂചന.
രാഷ്ട്രപതിക്ക് ഓണററി ഡോക്ടറേറ്റ് നൽകാൻ വി.സിക്ക് നിർദ്ദേശം നൽകിയിയോയെന്ന് ഗവർണർ പറയണം. മറ്റാരെങ്കിലും പറഞ്ഞാൽ വസ്തുത മനസിലാക്കാനാവില്ല"
-കോടിയേരി ബാലകൃഷ്‌ണൻ
സി.പി.എം സംസ്ഥാന സെക്രട്ടറി