
ശിവഗിരി: ഇന്ത്യൻ ഭരണഘടനയുടെ ആത്മാവ് ശ്രീനാരായണ ഗുരുദേവ സങ്കൽപങ്ങളാണെന്നും, അവനവനാത്മ സുഖത്തിനാചരിക്കുന്നവ അപരന് സുഖത്തിനായ് വരേണമെന്ന ഗുരു സന്ദേശമാണ് ഭരണഘടന വിഭാവനം ചെയ്യുന്നതെന്നും നാഷണൽ ജുഡീഷ്യൽ അക്കാഡമി മുൻ ഡയറക്ടർ ഡോ. ജി. മോഹൻ ഗോപാൽ പറഞ്ഞു.ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ച് സാമൂഹിക നീതി അസമത്വവും പരിഹാരവും എന്ന വിഷയത്തിൽ നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മനുഷ്യൻ മനുഷ്യനോട് എങ്ങനെ പെരുമാറുന്നുവെന്നതിന്റെ ഗുണനിലവാരമാണ് നീതി. ഭരിക്കുന്നവർ അവരുടെ സൗകര്യത്തിനും ഹിതത്തിനും വേണ്ടി നീതിയെയും അനീതിയെയും വ്യാഖ്യാനിക്കുകയാണ് . ഭരണ വർഗ്ഗത്തിനു കീഴിൽ മനുഷ്യ വർഗ്ഗത്തെ കൊണ്ടു വരണമെന്ന ചിന്തയിൽ ആര്യന്മാർ കല്പിച്ചതാണ് ആദ്യകാലത്തെ നീതിയും അനീതിയും. അതു കഴിഞ്ഞെത്തിയവർക്കെല്ലാം ഭരിക്കാൻ നീതിയും അനീതിയും അവരുടെ ഇഷ്ടപ്രകാരമായി. സ്വാതന്ത്ര സമര കാലത്താണ് സാധാരണക്കാർക്കായി നീതി ശാസ്ത്രമുണ്ടാക്കണമെന്ന് തീരുമാനിച്ചത്. സാധാരണക്കാർക്കായി രൂപീകരിച്ചതാണ് ഭരണഘടന. ഗുരുദേവ ചിന്തകളാണ് ഭരണഘടനാ നിർമ്മാതാക്കളെ സ്വാധീനിച്ചത്.
ഭാരതം നീതി കാണുന്നത് സാധാരണക്കാരുടെ ദൃഷ്ടിയിലൂടെയാണ്. ഇതിൽ സമത്വത്തിന് പ്രധാന പങ്കുണ്ട്. എന്നാൽ,ഇവിടെ അസമത്വത്തെ ചിലർ വളർത്തുകയാണ്. അസമത്വത്തിന് ഒരു വാക്സിനായി ഭരണഘടന പറയുന്നതാണ് സംവരണം. അതിനേയും നിരാകരിച്ച് രാജ്യത്തെ ഹൈജാക്ക് ചെയ്തിരിക്കുകയാണ് സംവരണത്തെ തെറ്റിദ്ധരിപ്പിച്ച് അട്ടിമറിച്ചിരിക്കുകയാണ്. എല്ലാ വിഭാഗങ്ങൾക്കും ഭരണകൂടത്തിൽ പ്രാതിനിധ്യണ് സംവരണം കൊണ്ട് അർത്ഥമാക്കുന്നത്. അതിന് സമയ വ്യവസ്ഥയും ഭരണഘടന പറയുന്നില്ല. സംവരണമെന്നത് കഴിവില്ലാത്തവരെ സഹായിക്കാനെന്ന പൊതു ധാരണ തെറ്റാണെന്നും ഡോ. മോഹൻ ഗോപാൽപറഞ്ഞു.
വി. ജോയി എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ ഓഫ് ഗ്ലോബൽ സ്റ്റഡീസ് ഡീൻ ഡോ. കെ.ജയപ്രസാദ്, ഐ.ടി.ഡി.സി ഡയറക്ടർ കെ.പദ്മകുമാർ, ശ്രീനാരായണ മുവ്മെന്റ് ചെയർമാൻ എസ്. സുവർണകുമാർ, തഹസിൽദാർ എസ്. ഷാജി,പി.എസ്. ബാബുറാം, ജില്ലാ പഞ്ചായത്തംഗം ഗീത നസീർ, സ്വാമി സച്ചിദാനന്ദ, സ്വാമി ഋതംഭരാനന്ദ, സ്വാമി ഗുരുപ്രസാദ്, സ്വാമി അമേയാനന്ദ, സ്വാമി ശിവ സ്വരൂപാനന്ദ എന്നിവർ പങ്കെടുത്തു. സ്വാമി ശാരദാനന്ദ സ്വാഗതവും എൻ. ജയരാജ് നന്ദിയും പറഞ്ഞു.